Wednesday, December 31, 2008

news makers


2008 കാലത്തിന്റെ തിരശീലയ്‌ക്കു പിന്നിലേക്ക്‌ മറയുമ്പോള്‍ സ്‌മരിക്കപ്പെടുന്നത്‌ പലവ്യക്തിത്വങ്ങളാണ്‌. ചരിത്രം സൃഷ്‌ടിച്ചവരും സൃഷ്‌ടിക്കപ്പെടേണ്ടവരുമായി നിരവധിപേര്‍ 2008 തങ്ങളുടേതാക്കിമാറ്റി. ദേശീയ അന്താരാഷ്‌ട്ര രംഗത്ത്‌ 2008-ല്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരായ ചിലരെ ഇവിടെ പരാമര്‍ശിക്കുന്നു.

ജി. മാധവന്‍നായര്‍

അന്താരാഷ്‌ട്ര ബഹിരാകാശരംഗത്ത്‌ സമീപകാലത്ത്‌ ഇന്ത്യയുടെ മുന്നേറ്റം അസൂയാവഹവും ഉന്നതവുമാണ്‌. ഈ മുന്നേറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മലയാളിയായ ജി. മാധവന്‍ നായര്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ സ്വപ്‌നപദ്ധതിയായ ചാന്ദ്രയാന്റെ വിജയകരമായ ദൗത്യത്തില്‍ മാധവന്‍നായരുടെ ഇടപെടീല്‍ നിര്‍ണായകമായി. പലപ്രതിസന്ധിയെയും അതിജീവിച്ച്‌ ഒക്‌ടോബര്‍ 22 ബുധനാഴ്‌ചയായിരുന്നു ചാന്ദ്രയാന്‍-1 പേടകവും വഹിച്ചുകൊണ്ട്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന്‌ പി എസ്‌ എല്‍ വി റോക്കറ്റ്‌ ബഹിരാകാശത്തേക്ക്‌ കുതിച്ചത്‌. 2015-ല്‍ ചന്ദ്രനില്‍ ഇന്ത്യ മനുഷ്യനെ ഇറക്കുമെന്നാണ്‌ മാധവന്‍ നായര്‍ ഉറപ്പുനല്‍കുന്നത്‌. അതിനുള്ള ആര്‍ജവവും കഴിവും നമ്മുടെ ബഹിരാകാശ ഗവേഷണരംഗത്തിന്‌ ഇന്നുണ്ട്‌. ചാന്ദ്രയാന്‍-1 പദ്ധതി ഡയറക്‌ടാറായിരുന്നത്‌ മൈല്‍സ്വാമി അണ്ണാ ദുരൈ എനന ശാസ്‌ത്രജ്ഞനായിരുന്നു. 2003-ലാണ്‌ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്‌ ഭാരത സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നത്‌.

രത്തന്‍ ടാറ്റ

2008-ല്‍ വാര്‍ത്തകളില്‍ ഇടംനേടിയ മറ്റൊരു പ്രമുഖ വ്യക്തിത്വമാണ്‌ ടാറ്റ എന്ന ഇന്ത്യയിലെ വന്‍കിട വ്യാപാര ശൃഖലയുടെ മേധാവി രത്തന്‍ ടാറ്റ. ബ്രിട്ടനിലെ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയെ വാങ്ങിക്കൊണ്ട്‌ ഈ രംഗത്തെ ടാറ്റയുടെ അപ്രമാദിത്തം തെളിയിച്ചത്‌ 2008 മാര്‍ച്ച്‌ 26-നായിരുന്നു. ഏതാണ്ട്‌ 2.3 ബില്യണ്‍ ഡോളറിനാണ്‌ ജഗ്വാര്‍& ലാന്‍ഡ്‌ റോവര്‍ കമ്പനിയില്‍നിന്ന്‌ ഫോര്‍ഡിനെ ടാറ്റ സ്വന്തമാക്കിയത്‌. സാധാരണക്കാരുടെ കാര്‍ എന്ന വിശേഷണവുമായി ടാറ്റ അവതരിപ്പിച്ച നാനോയുടെ പ്രദര്‍ശനവും രത്തന്‍ ടാറ്റ ഈ വര്‍ഷം നടത്തി. ഒരു ലക്ഷം രൂപയ്‌ക്ക്‌ കാര്‍ അതാണ്‌ ടാറ്റ മുന്നോട്ടുവച്ചത്‌. നേരത്തെ ബംഗാളില്‍ തുടങ്ങാന്‍ തീരുമാനിച്ച നാനോ പദ്ധതി തൊഴില്‍, സ്ഥലപ്രശ്‌നം നിമിത്തം ഗുജറാത്തിലേക്ക്‌ മാറ്റുകയായിരുന്നു. ടാറ്റയുടെ സ്വന്തമായ രാജ്യത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ ടാജില്‍ പാക്ക്‌ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന്‌ പ്രവര്‍ത്തനം അവതാളത്തിലായി എങ്കിലും ഏതാനും ദിവസത്തിനുള്ളില്‍തന്നെ പ്രൗഢിയോടെ ടാജിനെ രാജ്യത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ ഈ വന്‍കിട വ്യവസായിക്കുകഴിഞ്ഞു.

പി. ചിദംബരം

ഇന്ത്യയില്‍ പലപ്പോഴായി ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്‌ യു പി എ ഗവണ്‍മെന്റിന്റെ മറുപടിയായിരുന്നു പി. ചിദംബരം. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീലിന്റെ പകരക്കാരനായാണ്‌ ചിരംബരം ആ പദവി ഏറ്റെടുത്തത്‌. ആഭ്യന്തരമന്ത്രിസ്ഥാനത്ത്‌ ശിവരാജ്‌പാട്ടീലിന്‌ ഏറെ പഴി കേള്‍ക്കേണ്ടിവന്നു. ധനകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ചിരംബരം ആഭ്യന്തരമന്ത്രി എന്നനിലയിലും ഭേദപ്പെട്ട പ്രകടനം കാച്ചവച്ചുകൊണ്ടിരിക്കുകയാണ്‌ ഇപ്പോള്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിന്‌ ചിദംബരത്തിന്റെ ഇടപെടീലുകള്‍ എത്രത്തോളം ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ്‌ നിരീക്ഷകര്‍.

മന്‍മോഹന്‍സിംഗ്‌

ചരിത്രപ്രാധാന്യം നേടിയ ഇന്ത്യ-അമേരിക്ക ആണവകരാര്‍ സാധ്യമാക്കുന്നതില്‍ പ്രവര്‍ത്തിച്ചവരില്‍ ആദ്യപേരുകാരന്‍ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍സിംഗാണ്‌. തദ്ദേശീയമായ വലിയ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടാണ്‌ അദ്ദേഹവും സര്‍ക്കാരും കരാര്‍ സാധ്യമാക്കിയത്‌. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം യു പി എ സര്‍ക്കാരിനു പിന്തുണപിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിനുസാധിച്ചുവെന്നതും രാഷ്‌ട്രീയമായി മന്‍മോഹന്റെ വിജയമാണ്‌. തെളിവുകളുടെ വെളിച്ചത്തില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥനാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയും അതിനെതിരേ കൈക്കൊണ്ട നടപടികളും പ്രശംസ നേടി.

സോണിയാ ഗാന്ധി

ആണവകാര്‍ പ്രശ്‌നത്തിലും തുടര്‍ന്ന്‌ പിന്തുണനഷ്‌ടപ്പെട്ട സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിലും യു പി എ സോണിയാഗാന്ധിനടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടു. എന്നാല്‍,സോണിയാ ഗാന്ധിയെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ ഏറ്റവുംവലിയ വിജയം ആറുസംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മിസോറാമിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്‌ ഭരണം തിരിച്ചുപിടിക്കുന്നതിനും ഡല്‍ഹിയില്‍ ഭരണം നിലനിര്‍ത്തുന്നതിനും സാധിച്ചു എന്നതാണ്‌. അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഇത്‌ ഗുണകരമായേക്കാം.

എല്‍.കെ. അഡ്വാനി

ഏപ്രില്‍ മേയ്‌ മാസങ്ങളില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി നേതാവ്‌ എല്‍. കെ. അഡ്വാനിയെ തെരഞ്ഞെടുത്തത്‌ 2008-ലാണ്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തകേസില്‍കുറ്റാരോപിതനായ അഡ്വാനിയെ ആദ്യമായാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ബി ഏജ പി ഉയര്‍ത്തിക്കാട്ടുന്നത്‌. വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത്‌ എന്‍ ഡി എയിലെ കക്ഷികളായിരുന്ന പലരും സഖ്യം വിട്ടു. തെലുങ്കു ദേശവും എ ഐ എഡി എം കെയും ഉദാഹരണം ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കസേര സ്വപ്‌നം കാണുന്ന അഡ്വാനിക്ക്‌ പുതിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കില്‍മാത്രമേ സ്വപ്‌നം പൂവണിയൂ. മലേഗാവ്‌ സ്‌ഫോടനത്തില്‍ ഹിന്ദു സംഘടനകളുടെ പങ്ക്‌ വെളിപ്പെട്ട പശ്ചാത്തലത്തില്‍ അഡ്വാനി ആദ്യം മൗനം പാലിച്ചതും പിന്നീട്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ പറഞ്ഞതും 2008 ചര്‍ച്ച ചെയ്‌തു.

ഹേമന്ദ്‌ കര്‍ക്കറെ

നവംബര്‍ 26 -ന്‌ നടന്ന രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച എ ടി എസ്‌ തലവനാണ്‌ ഹേമന്ദ്‌ കര്‍ക്കറെ. തദ്ദേശീയവും വിദേശീയവുമായ ഭീകരവാദപ്രവര്‍ത്തനങ്ങളെ സധൈര്യം നേരിട്ട കാര്‍ക്കറെയുടെ മരണം ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍ക്ക്‌ തീരാനഷ്‌ടമാണ്‌. മലേഗാവ്‌ സ്‌ഫോടനത്തില്‍ ഹിന്ദു ഭീകരവാദ സംഘടനകളുടെ പങ്ക്‌ കണ്ടെത്തിയത്‌ കര്‍ക്കറെയായിരുന്നു. ഭീകരരെ നേരിടുന്നതിനിടയില്‍ നവംബര്‍ 26-നാണ്‌ കര്‍ക്കറെ ഭീകരരുടെ വെടിയേറ്റ്‌ മരിച്ചത്‌.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പുതിയചരിത്രം എഴുതിച്ചേര്‍ത്തതാണ്‌ 2008-ല്‍ ഇന്ത്യന്‍ കായിക രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്‌ത വിഷയം. 2008 ഒക്‌ടോബര്‍ 17-നാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന നേട്ടം കൈവരിച്ചത്‌. വെസ്റ്റിന്‍ഡീസ്‌ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പന്തീരായിരവും ഏകദിനത്തില്‍ പതിനാറായിരവും റണ്‍സ്‌ സച്ചിന്‍ തികച്ചത്‌ ഈ വര്‍ഷമാണ്‌.

അഭിനവ്‌ ബിന്ദ്ര

ഇന്ത്യയുടെ ഒളിമ്പിക്‌സ്വപ്‌നങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട്‌ അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്‌ ഈ വര്‍ഷമാണ്‌. 10 മി. എയര്‍ റൈഫിള്‍ വിഭാഗത്തിലാണ്‌ ബിന്ദ്ര ഇന്ത്യയ്‌ക്കു വേണ്ടി സ്വര്‍ണം നേടിയത്‌. 1980-നു ശേഷം ആദ്യമായാണ്‌ ഇന്ത്യ ഒളിമ്പിക്‌സില്‍സ്വര്‍ണം നേടുന്നത്‌. പഞ്ചാബ്‌ സ്വദേശിയായ ബിന്ദ്രയുടെ നേട്ടം ഇന്ത്യയ്‌ക്കാകെ അഭിമാനകരമാണ്‌.


രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഷീലാ ദീക്ഷിദും ലോക ചെസ്‌ കിരീടം ഒരിക്കല്‍കൂടി സ്വന്തമാക്കിയ വിശ്വാനാഥന്‍ ആനന്ദും ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യക്കാരനായ അരവിന്ദ്‌ അഡിഗയും അന്താരാഷ്‌ട്രക്രിക്കറ്റില്‍നിന്നു വിരമിച്ച സൗരവ്‌ഗാംഗുലിയും അനില്‍ കുംബ്ലെയും ലോക സുന്ദരി മത്സരത്തില്‍ രണ്ടാംസ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെ മലയാളിയായ പാര്‍വതി ഓമനക്കുട്ടനും വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിത്വങ്ങളാണ്‌. 2008-ല്‍ പേജ്‌-3 കോളങ്ങളില്‍ തിളങ്ങിയ രണ്ടു പേരായിരുന്നു ബോളിവുഡ്‌ താരങ്ങളാണ്‌ ഷാരൂഖ്‌ ഖാനും അമീര്‍ഖാനും ഇരുവരുടേയും സിനിമകളുമായി ബന്ധപ്പെട്ടുള്ള പല പ്രസ്‌താവനകളും മിക്ക ദിവസങ്ങളിലും പേജ്‌-ത്രീ നിറയ്‌ക്കുന്ന വാര്‍ത്തകളായിരുന്നു.

0 comments: