Friday, December 26, 2008

ഭരത്‌ഗോപി




സി. കെ. രാജേഷ്‌കുമാര്




‍സിനിമയുടെ വിശാലമായ ക്യാന്‍വാസില്‍ അഭിനയചാരുതയുടെ ഉദാത്തമാതൃകസൃഷ്‌ടിച്ച അഭിനയപ്രതിഭയുടെ ജീവചൈതന്യത്തിന്‌ കൊടിയിറക്കമാകുമ്പോള്‍ മലയാളിക്കും നഷ്‌ടപ്പെടുന്നത്‌ ഇന്ത്യന്‍ സിനിമയിലെ ഉദാഹരണങ്ങളില്ലാത്ത അഭിനയപ്രതിഭയെ. മലയാളസിനിമയില്‍ സാങ്കേതികതികവുള്ള നടന്മാരില്‍ ഏറെമുന്നിലാണ്‌ ഭരത്‌ഗോപി. ശൈലീകൃതമായ അഭിനയത്തിന്റെ വക്താവാണ്‌ ഭരത്‌ ഗോപി. ഇതാവട്ടെ പ്രേക്ഷകരുടെ മനസില്‍ അഭിനയത്തിന്‌ പുതിയ നിര്‍വചനം നല്‍കി. മലയാളസിനിമയുടെ ഒരു പ്രത്യേക ദശാസന്ധിയില്‍ അഭ്രപാളിയുടെലോകത്ത്‌ ചേക്കേറിയ ഈ നടന്‍ മികച്ച സംവിധായകരുടെ കൈകളിലെ മികച്ച ഉപകരണമായി. അടൂര്‍ ഗോപാലകൃഷ്‌ണനും മോഹനും കെ ജി ജോര്‍ജും അവവിന്ദനുമൊക്കെ ഗോപിക്കുമാത്രം ചെയ്യാവുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ചു. മലയാളസിനിമയുടെ സുവര്‍ണകാലമെന്നറിയപ്പെടുന്ന എണ്‍പതുകള്‍ ഗോപിയുടെ ഉജ്വലകഥാപാത്രങ്ങള്‍കൊണ്ട്‌ സമ്പന്നമായിരുന്നു. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയും, കാറ്റത്തെക്കിളിക്കൂടിലെ ഷേക്‌സ്‌പിയര്‍കൃഷ്‌ണപിള്ള, യവനികയിലെ തബലിസ്റ്റ്‌ അയ്യപ്പന്‍, പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പ്‌, സന്ധ്യമയങ്ങും നേരത്തിലെ ജഡ്‌ജ്‌ തുടങ്ങിയ കഥാപാത്രങ്ങള്‍ അഭിനയകലയിലെ ഉജ്വലമായ ഭാവതലങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നവയായിരുന്നു. ഗോപിയുടെ കഥാപാത്രങ്ങള്‍ സാധാരണമനുഷ്യന്റെ വിവിധ അവസ്ഥകളെ നന്നായിമനസിലാക്കി.




നായകസങ്കല്‍പ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ ഗോപി നായകന്റെ സൗന്ദര്യചിന്തകളെ തന്റെ വരുതിയിലേക്കടുപ്പിച്ചു. കഥാപാത്രത്തിന്റെ പുറത്തേക്കുവളരാതെ കഥാപാത്രത്തിനുള്ളിലേക്ക്‌ വളര്‍ന്ന ഗോപിയുടെ കഥാപാത്രങ്ങള്‍ അഭിനയവിദ്യാര്‍ഥികള്‍ക്ക്‌ എന്നും മുതല്‍ക്കൂട്ടാണ്‌. അഭിനയത്തിന്‌ വിഖ്യാത നടന്‍ സ്റ്റാന്‍സ്‌ലാവ്‌സ്‌കി നല്‍കിയ നിര്‍വചനം മലയാളി അനുഭവിച്ചത്‌ ഗോപിയിലൂടെയായിരുന്നു എന്നുപറയുന്നതില്‍ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. സിനിമാഭിനയം അതിഭാവുകത്വത്തിന്റേതെന്ന്‌ വിശ്വസിച്ചിരുന്ന ഒരുകാലത്ത്‌ മലയാളസിനിമയില്‍ വഴിമാറിസഞ്ചരിച്ച ഗോപി അനന്യമായ അഭിനയഭാഷയാണ്‌ മലയാളിക്ക്‌ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ വിഖ്യാതമായ കഥാപാത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതുമനസിലാകും. ഷേക്‌സ്‌പിയര്‍ കൃഷ്‌ണപിള്ളിയിലേക്കുവന്നാല്‍ അനായാസമായ അഭിനയം എന്തെന്ന്‌ മലയാളിക്കുകാണിച്ചുകൊടുത്തു. പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പാകട്ടെ ശൈലീകൃത അഭിനയത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമായി. കൊടിയേറ്റവും യവനികയും തമ്പും ചിദമ്പരവുമൊക്കെ സമ്മാനിച്ചത്‌ വിഭിന്നങ്ങളായ അഭിനയഭാഷകളാണ്‌. ശരീരത്തിന്റെ എല്ലാഭാഗങ്ങളും അഭിനയത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി ഇത്രയധികം ഉപയോഗിച്ച മറ്റൊരുനടനും നമ്മുക്കില്ല. കഥകളിയില്‍ ഗോപിയാശാന്‍ മനോധര്‍മ്മമാടിയെങ്കില്‍ സിനിമയില്‍ യഥാവിധി മനോധര്‍മ്മമാടിയ നടന്‍ ഗോപിയാണ്‌. അതിനേറ്റവും വലിയ ഉദാഹരണമാണ്‌ ജോണ്‍പോളിന്റെ തൂലികയില്‍ വിടര്‍ന്ന സന്ധ്യമയങ്ങും നേരത്തിലെ ജഡ്‌ജ്‌. എക്‌സന്‍ട്രിക്കായ ഒരു ന്യായാധിപന്റെ ചേഷ്‌ടകള്‍ ലോകസിനിമയില്‍തന്നെ ആരും കൈകാര്യം ചെയ്യാത്തതരത്തിലുള്ളതായി. കൊലശിക്ഷയ്‌ക്കു വിധിക്കുന്നതിനുമുന്‍പ്‌ ജഡ്‌ജിയുടെ മനോവ്യാപാരങ്ങളെ തന്മയത്വത്തോടെ അഭിനയിച്ചുഫലിപ്പിച്ചപ്പോള്‍ മലയാളി പ്രേഷകസമൂഹം അത്ഭുതംകൂറി. അദ്ദേഹം വില്ലനായെത്തിയ യവനികയിലെ അയ്യപ്പന്‍ എന്ന തബലിസ്റ്റ്‌ വില്ലനെന്ന സങ്കല്‍പ്പത്തിന്റെ പ്രതീകാത്മകബിംബമായിരുന്നു.




പ്രേക്ഷകരെന്ന നിലയില്‍ അതിലെ വില്ലനെ നാം അങ്ങയറ്റം വെറുത്തപ്പോള്‍ തബലിസ്റ്റിനെ ആരാധിച്ചു. അദ്ദേഹത്തിന്റെ അഭിനയജീവിത്തെ 1986-നു മുന്‍പും അതിനു ശേഷവുമുള്ള രണ്ടുകാഘട്ടമായി തിരിച്ചാല്‍ മികച്ച കഥാപാത്രങ്ങളെല്ലാം 86-നുമുന്‍പായിരുന്നെന്നു മനസിലാകും. വിധിവൈപരീത്യം പക്ഷാഘാതത്തിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തെ വേട്ടയാടിയപ്പോള്‍ അഭിനയം മതിയാക്കി മൂലയിലൊളിക്കാനായിരുന്നില്ല ഗോപി ശ്രമിച്ചത്‌. മറിച്ച്‌ അഭിനയത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം തിരിച്ചുവരവിനായി കൊതിച്ചു. പാഥേയത്തിലൂടെ ശക്തമായി തിരിച്ചുവന്ന ഗോപി പിന്നീട്‌ അഗ്നിദേവന്‍, രസതന്ത്രം. നിവേദ്യം തുടങ്ങിയസിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. മലയാളി ഒരിക്കല്‍ ഒരഭിമുഖത്തില്‍ പ്രശസ്‌ത നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ വിലയിരുത്തിയത്‌ മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടനാണെന്നാണ്‌. ജഗതി ശ്രീകുമാര്‍ വിലയിരുത്തുന്നത്‌ മയാളസിനിമയിലെ മികച്ച അഞ്ചുനടന്മാരില്‍ മുന്‍നിരയിലാണ്‌ ഗോപിയുടെ സ്ഥാനമെന്നാണ്‌. മലയാളസിനിമയില്‍ നിറഞ്ഞാടുന്ന രണ്ട്‌ അഭിനയശൈലികള്‍ ഒന്ന്‌ ഭരത്‌ ഗോപി പ്രതിനിധാനം ചെയ്യുന്ന ശൈലീകൃത അഭിനയവും മോഹന്‍ലാല്‍ പ്രതിനിധാനം ചെയ്യുന്ന സ്വാഭാവിക അഭിനയവുമാണ്‌.




ഇതില്‍ ശൈലീകൃതമായ അഭിനയശൈലി കൈകാര്യം ചെയ്യുന്ന നടന്മാര്‍ നിരവധിയുണ്ടായിരിക്കാം. എന്നാല്‍ അതില്‍നിന്നു വ്യത്യസ്‌തമായി കഥാപാത്രത്തിന്റെ സൂക്ഷ്‌മഭാവങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ കഥാപാത്രത്തിന്റെ വ്യവഹാരങ്ങളെ പരിചയപ്പെടുത്തിയ നടന്‍ ഇന്ത്യന്‍ സിനിമയിലില്ല. അതുകൊണ്ടാവാം ഗോപി സാങ്കേതികതികവാര്‍ന്ന നടന്‍ എന്നു വിലയിരുത്തപ്പെടുന്നത്‌. അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രങ്ങളും മികച്ച അക്കാദമിക്ക്‌ നിലവാരം പുലര്‍ത്തിയവയായിരുന്നു. ഇതില്‍ ഉത്സവപ്പിറ്റേന്നും യമനവും അവാച്യമായ സിനിമാഭിനയമാണ്‌ മലയാളിക്കുസമ്മാനിച്ചത്‌. ഇന്ത്യന്‍ സിനിമയില്‍ ഭരത്‌ ഗോപിയെപ്പോലൊരുനടന്‍ ഗോപി മാത്രമായിരുന്നു. നടന്മാരുടെ നടനായ അദ്ദേഹത്തിന്റെ വേര്‍പാട്‌ സുന്ദരവും ശൈലീകൃതവുമായ ഒരു അഭിനയസപര്യയുടെ അനവസരത്തിലുള്ള അവസാനമായി. കണ്ടുകൊതിതീരാത്ത ശൈലിയുടെ അവസാനം.

0 comments: