Wednesday, December 24, 2008

ഭ്രൂണഹത്യ വേണ്ട


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ പ്രശസ്‌തമായ ഒരു കുടുംബം. ഒരുകാലത്ത്‌ വളരെ സന്തോഷത്തോടെയും മറ്റുള്ളവര്‍ക്ക്‌ അസൂയ ജനിപ്പിക്കുമാറും കഴിഞ്ഞ മൂന്നംഗ കുടുംബം. അച്ഛന്‍, അമ്മ, മകള്‍. എന്തു സന്തോഷമായിരുന്നു ആ കുടുംബത്തില്‍. സര്‍ക്കാര്‍ ഗുമസ്‌തനായ കുടുംബനാഥന്‍, അധ്യാപികയായ ഭാര്യ, പിന്നെ അനു എന്ന മകള്‍. മികച്ച രീതിയില്‍ വിദ്യാഭ്യാസം ചെയ്‌ത അനു എല്ലാ ക്ലാസിലും ഒന്നാമതായി ജയിച്ചുകയറി. ഉന്നതവിദ്യാഭ്യാസം തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജില്‍. റാങ്കോടെ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷനില്‍ വിജയം. ഒടുവില്‍ കാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ ടെക്‌നോപാര്‍ക്കില്‍ ഒരു അമേരിക്കന്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയില്‍ മികച്ച ശമ്പളത്തോടെ ജോലി.


അനുവിന്റെ വളര്‍ച്ച ആര്‍ക്കും അസൂയജനിപ്പിക്കുമാറായിരുന്നു. കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ മുഴുവന്‍ വഴിപാടുകള്‍ കഴിച്ചു. തങ്ങളുടെ പ്രിയപുത്രിയുടെ നന്മയില്‍ സകല ഈശ്വരന്മാര്‍ക്കും നന്ദിപറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ ജോലിക്കു ചേര്‍ന്ന അനുവിനു രാത്രിഷിഫ്‌റ്റിലും ജോലി ചെയ്യേണ്ടിവന്നു. അതുകൊണ്ട്‌ തിരുവനന്തപുരത്തുതന്നെ കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഫ്‌ളാറ്റെടുത്തു. വീട്ടുകാരില്‍ നിന്നകന്നുനില്‍ക്കുന്നതിന്റെ വിഷമതകള്‍ ആദ്യമൊക്കെ അവളെ അലട്ടിയിരുന്നു. എന്നാല്‍ വളരെ കുറഞ്ഞആഴ്‌ചകള്‍ക്കുള്ളില്‍തന്നെ പുതിയസാഹചര്യത്തോട്‌ അവള്‍ പൊരുത്തപ്പെട്ടു. സുഖമായ താമസം, നല്ല ഭക്ഷണം, എന്തിനും ഏതിനും ആശ്രയിക്കാന്‍പറ്റുന്ന കൂട്ടുകാര്‍. അങ്ങിനെ നഗരജീവിതം സ്വസ്ഥം സുഖപ്രദം. എന്നാല്‍, ഓഫീസിലെ അന്തരീക്ഷം അനുവിന്‌ വേഗത്തില്‍ ഇഴുകിച്ചേരാന്‍ ഉതകുന്നതായിരുന്നില്ല. യാന്ത്രികമായ ജോലി. ഇടയ്‌ക്കുള്ള വിശ്രമവും കുറവ്‌. ടെക്‌നോപാര്‍ക്കില്‍ അനു ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സമയം.


ഈയവസരത്തില്‍ അനുവിന്റെ ജീവിതത്തിലേക്ക്‌ ഒരു പുരുഷന്‍ കടന്നുവന്നു; അരുണ്‍. തുടക്കം സൗഹൃദത്തില്‍നിന്നായിരുന്നു. പിന്നെയതു പ്രണയമായി വളര്‍ന്നു. ആ വളര്‍ച്ച സിനിമാശാലകളിലും ഇന്റര്‍നെറ്റ്‌ കഫേകളിലും ഹോട്ടല്‍മുറികളിലുംവരെയെത്തി. മിക്ക ദിവസങ്ങളിലും അനു ഫ്‌ളാറ്റില്‍ വരാതെയായി. കൂട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞൊഴിഞ്ഞു.ഇതിനിടയില്‍ അനുവിനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അമൃതയെന്ന കൂട്ടുകാരി അനു ഫ്‌ളാറ്റില്‍ വരാതിരിക്കുന്നതിനുള്ള കാര്യകാരണത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ അനു വിശദീകരിക്കാന്‍ തയാറായി. വിവരങ്ങള്‍ വീട്ടിലറിയരുതെന്ന്‌ അമൃതയോട്‌ അനു ശഠിച്ചു.അങ്ങനെ പിന്നെയും കുറച്ചുകാലം.ഒരുദിവസം രാവിലെ ബാത്ത്‌റൂമില്‍ വല്ലാതെ ഛര്‍ദിക്കുന്ന അനുവിനെക്കണ്ട്‌ കൂട്ടുകാരികള്‍ കാര്യം തിരക്കി. എന്നാല്‍, വസ്‌തുതയില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ അനു ശ്രമിച്ചത്‌. ഒരു സുപ്രഭാതത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്‌ കൂട്ടുകാരികളുടെ ചെവിയിലെത്തിയത്‌. ആശുപത്രിയില്‍ അനു മരിച്ചു. വിവരമറിഞ്ഞെത്തിയ അനുവിന്റെ അച്ഛനും അമ്മയും തിരുവനന്തപുരത്തെ ഒരു അനധികൃത ക്ലിനിക്കിലെ ഓപ്പറേഷന്‍തിയേറ്ററിലെത്തി. മരവിച്ച്‌ ചലനമറ്റു കിടക്കുന്ന തങ്ങളുടെ പൊന്നോമനപുത്രിയുടെ ശരീരത്തില്‍ അവസാന ചുംബനം അര്‍പ്പിക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല; പ്രിയ മകള്‍ എങ്ങനെയാണു മരിച്ചതെന്ന്‌.ഒടുവിലവരറിഞ്ഞു, മൂന്നു മാസം ഗര്‍ഭിണിയായിരുന്ന അനു ഗര്‍ഭച്ഛിദ്രത്തിനു വിധേയയായപ്പോഴുണ്ടായ അമിത രക്തസ്രാവമാണ്‌ മരണകാരണമെന്ന്‌. `കാമുകനായ അരുണ്‍ അവളെ ചതിച്ചതായിരുന്നു.'' കൂട്ടുകാരിയായ അമൃത ആദമ്പതികളോടു പറഞ്ഞു.


എന്നാല്‍ അരുണ്‍ ആരെന്നോ എവിടെയാണു വീടെന്നോ ഒന്നും ആര്‍ക്കും അറിയുമായിരുന്നില്ല.സംഭവം നടന്നിട്ട്‌ ഇപ്പോള്‍ മൂന്നു മാസമായി. കുടുംബത്തിന്റെ ഐശ്വര്യമായിരുന്ന മകള്‍ ഈ ലോകത്തുനിന്നു മറഞ്ഞതിന്റെ ആഘാതത്തില്‍ മാനസികനില തെറ്റിയ മാതാവ്‌ സാവിത്രി ഉമ്മറപ്പടിയുടെ കോണില്‍ പ്രജ്ഞയറ്റിരിക്കുമ്പോള്‍ ഇന്നത്തെ സാമൂഹിക വിപത്തിന്റെ ദൈന്യമുഖം നമുക്കു കാണാന്‍ സാധിക്കുന്നു. അനുവിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. സമൂഹത്തില്‍ നിലയും വിലയുമുള്ള മാതാപിതാക്കളുടെയും തന്റെയും അഭിമാനം സംരക്ഷിക്കാന്‍ ഗര്‍ഭഛിദ്രം നടത്തുന്ന അറിഞ്ഞതും അറിയാത്തവരുമായ നിരവധിപേര്‍ നമ്മുക്കു ചുറ്റുമുണ്ട്‌. എത്രയോ കുരുന്നുജീവനുകളാണ്‌ വിവിധകാരണങ്ങളുടെപേരില്‍ അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്‌. ജന്മസൗഖ്യമനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവരുടെ എണ്ണം ലോകമെമ്പാടും ദിനംതോറും കൂടിക്കൂടിവരികയാണ്‌. ലോകത്തെമ്പാടുമായി ഒരുവര്‍ഷം ഏകദേശം 21കോടി സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതായാണ്‌ കണക്ക്‌. എന്നാല്‍ ഇതില്‍ 7കോടി 5ലക്ഷം സ്‌ത്രീകളും കുട്ടികളെ വേണ്ടാത്തവരാണ്‌ അല്ലെങ്കില്‍ ആഗ്രഹിക്കാതെ ഗര്‍ഭംധരിക്കുന്നവരാണ്‌.


സമൂഹത്തിലെ മാന്യതയും അല്ലെങ്കില്‍ മറ്റ്‌ സാമൂഹികപരിഗണനകളും ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത്‌ ഗര്‍ഭഛിദ്രത്തിലേക്കാണ്‌. 4 മുതല്‍ 5 കോടിവരെ സ്‌ത്രീകള്‍ ഓരോവര്‍ഷവും ഗര്‍ഭഛിദ്രം നടത്തുന്നവരാണെന്നാണ്‌ കണക്ക്‌. ഔദ്യോഗിക കണക്കാണിതെങ്കില്‍ യഥാര്‍ത്ഥ വസ്‌തുത ഇതിലും എത്രയോ ഭീകരമാണ്‌. ഒരു അമേരിക്കന്‍ സമൂഹ്യസംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ ഒരുവര്‍ഷം ഏകദേശം എട്ടുകോടി ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. വികസിതരാജ്യങ്ങളെ അപേക്ഷിച്ച്‌ വികസ്വരരാജ്യങ്ങളിലാണ്‌ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്നത്‌. ലോകത്താകെ നടക്കുന്ന ഗര്‍ഭഛിദ്രങ്ങളില്‍ 70ശതമാനവും നടക്കുന്നത്‌ ഇന്ത്യപോലുള്ള വികസ്വരരാഷ്‌ട്രങ്ങളിലാണ്‌. സുരക്ഷിതമല്ലാത്ത രീതികള്‍ അവലംബിക്കുന്നതുമൂലം നിരവധി സ്‌ത്രീകള്‍ക്കു മരണവും സംഭവിക്കുന്നു. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും വികസ്വരരാഷ്‌ട്രങ്ങള്‍ തന്നെ. എട്ടു ലക്ഷം പേര്‍ ഗര്‍ഭഛിദ്രത്തിനു വിധേയരാകുന്നതിനിടയില്‍ മരണപ്പെടുന്നതായാണ്‌ കണക്ക്‌. ഇന്ത്യന്‍ സാഹചര്യത്തിലേക്കു മടങ്ങിവന്നാല്‍ മനസിനെ മരവിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അഹിംസ ആത്മാവില്‍ ലയിപ്പിക്കാന്‍ ആഹ്വാനം ചെയ്‌ത മഹാത്മാവ്‌ ജന്മം കൊണ്ടമണ്ണില്‍ ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. കുറച്ചുദിവസം മുന്‍പ്‌ രാജ്യം നടുങ്ങിയ ഒരു ഗര്‍ഭഛിദ്രകഥ വെളിയില്‍വന്നു. ഒറീസയിലെ നയാഗറാണ്‌ സ്ഥലം. നയാഗര്‍ ജില്ലയിലെ നബഘന്‍പുര്‍ ഗ്രാമത്തില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നും 30 പെണ്‍ ഭ്രൂണങ്ങളാണ്‌ കണ്ടെത്തിയത്‌. തലയോട്ടികളും എല്ലുകളും മറ്റ്‌ ആശുപത്രി അവശിഷ്‌ടങ്ങളും അടക്കം ചെയ്‌ത 132 പോളിത്തീന്‍ ബാഗുകളാണ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ പുറത്തെടുത്തത്‌. പിറവിപ്രതീക്ഷിച്ച കുരുന്നു ജീവനുകള്‍ ബാഗുകളില്‍ എന്നന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന കാഴ്‌ച സാധാരണമനുഷ്യന്‌ ഹൃദയഭേദകമായിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈപ്രദേശത്ത്‌ കാണപ്പെട്ട ഭ്രൂണങ്ങളുടെ എണ്ണം ഇരുനൂറിലേറെയാണ്‌. അതിലേറെയും പെണ്‍കുഞ്ഞുങ്ങള്‍. ആറു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങളാണ്‌ ഇവിടെ നിന്നും കിട്ടിയത്‌. ഇവയില്‍ പല കുഞ്ഞുങ്ങളുടെയും തലയില്‍ മുടി വരെ വന്നിരുന്നു. നിരവധി തവണ ഇവിടെ പെണ്‍ഭ്രൂണങ്ങള്‍ കണ്ടിരുന്നതായി ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒറീസയില്‍ മാത്രമല്ല, രാജ്യത്തെ പലസംസ്ഥാനങ്ങളിലും ഭ്രൂണഹത്യ വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1995മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2005 എത്തിയപ്പോള്‍ ഭ്രൂണഹത്യയുടെ നിരക്കില്‍ നൂറുശതമാനം വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. 1995-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ഒന്നേകാല്‍ ലക്ഷം ഭ്രൂണഹത്യകള്‍ ഉണ്ടാകുന്നുണ്ട്‌.എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ അഞ്ചുകോടി ഭ്രൂണങ്ങള്‍ നശിപ്പിക്കപ്പെടുന്നതായി വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭ്രൂണഹത്യ വളരെയധികം വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനുള്ള വിഷമതകള്‍ മാതാപിതാക്കളെ ആകുലപ്പെടുത്തുമ്പോള്‍ പെണ്‍ഭ്രൂണങ്ങള്‍ കൂടുതലായി നശിപ്പിക്കുന്നു. കേരളത്തില്‍ അത്തരത്തിലുള്ള സാമൂഹിക അവസ്ഥകളല്ല ഭ്രൂണഹത്യത്തിക്കുകാരണം. തുടരും

2 comments:

VAZHOTH FAMILY December 24, 2008 at 2:10 AM  

Reoprt is matured everthan before....

Anonymous May 21, 2009 at 12:18 AM  

കഴുത കാമം കരഞു തീര്ക്കും... ഇങനെ ഉദരനൊവു അനുഭവിചു പ്രസവിക്കുന്ന നിഷ്കളങ്ഗരായ കന്യകമാരുടെ കുഞുങ്ങളുടെ പിത്ര്ത്ത്വം താങല്ക്കു എറ്റ് എഡുക്കന്‍ പറ്റുമൊ? അവരായി അവരുദെ കാര്യമായി................avivaahithan