Friday, December 19, 2008

സിനിമയിലെ സ്‌ത്രീസാന്നിദ്ധ്യം

സിനിമയെന്ന ജനപ്രിയ മാധ്യമത്തിന്റെ വേരുകള്‍ മലയാളികളുടെ ആഖ്യാന-ആസ്വാദന തലങ്ങളെ സ്‌പര്‍ശിച്ചു തുടങ്ങിയിട്ട്‌ എട്ട്‌ പതിറ്റാണ്ടാവുകയാണ്‌. 1928-ല്‍ ജെ.സി.ഡാനിയല്‍ സംവിധാനം ചെയ്‌തു പുറത്തിറക്കിയ വിഗതകുമാരന്‍ മുതല്‍ പറഞ്ഞുതുടങ്ങിയ മലയാള സിനിമാ ചരിത്രം നിരവധി വികാസ പരിണാമങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ലോകതലത്തില്‍ മറ്റു സിനിമകള്‍ കൈവരിച്ച നേട്ടത്തിലെത്താന്‍ നമ്മുക്കു സാധിച്ചിട്ടുണ്ടോ എന്നതാണ്‌ ചിന്തിക്കേണ്ട കാര്യം. നമ്മുടെ സിനിമയിലെ പാത്രസൃഷ്‌ടിയിലും പ്രമേയങ്ങളിലും ആഖ്യാന സങ്കേതങ്ങളിലും സംഭവിച്ച വൈകല്യങ്ങളാണ്‌ ഇതിനു കാരണമായത്‌. പുരുഷാധിപത്യ സൃഷ്‌ടിയിലധിഷ്‌ഠിതമായ ഒരു വ്യവസ്ഥിതി സിനിമയില്‍ നിലനില്‍ക്കുന്നതുകൊണ്ട്‌ ശക്തമായ സ്‌ത്രീകഥാപാത്രങ്ങളും അവര്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന പ്രമേയങ്ങളും നമ്മുടെ സിനിമകളില്‍ പണ്ടു മുതല്‍ക്കേ ബോധപൂര്‍വമോ അല്ലാതെയോ ഒഴിവാക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ വാണിജ്യമൂല്യവും വിപണന സാധ്യതകളും തിരിച്ചറിയുന്നത്‌ അമ്പതുകളിലാണ്‌.അന്നുതുടങ്ങിയ വിപണന താത്‌പര്യങ്ങളിലാണ്‌ മലയാള സിനിമ ഇന്നും അഭിരമിക്കുന്നത്‌. ആ താത്‌പര്യങ്ങളില്‍ സ്‌ത്രീ വെറും വ്യാപാരചരക്കു മാത്രമാണ്‌ മലയാള സിനിമാ സാന്നിദ്ധ്യത്തെ കുറഞ്ഞ രീതിയില്‍ ഉള്‍പ്പെടുത്തുകയാണ്‌ അഭികാമ്യമെന്ന മിഥ്യാ ധാരണയാണ്‌ ചലച്ചിത്ര പ്രവര്‍ത്തകര്‍ മനസിലാക്കിയതും പ്രായോഗിക തലത്തില്‍ കൊണ്ടു വന്നതും. സാഹിത്യം പോലെ തന്നെ സര്‍ഗാത്മകമാണ്‌ സിനിമയെന്നും അതിലെ കലാപരവും രാഷ്‌ട്രീയവുമായ സാധ്യതകള്‍ അനന്തമാണെന്നുമുള്ള വസ്‌തുതകള്‍ ബോധപൂര്‍വം മറക്കുകയാണ്‌ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍. ഇന്ന്‌ ലോക സിനിമയുടെ നിറുകയില്‍ നില്‌ക്കുന്നത്‌ യൂറോപ്യന്‍ സിനിമകളല്ല മറിച്ച്‌ ഏഷ്യന്‍-ആഫ്രിക്കല്‍- ലാറ്റിനമേരിക്കന്‍ സിനിമകളാണ്‌. അവയിലൊക്കെ സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടുതലായുണ്ട്‌. ഇത്തരം ഒരു ചലച്ചിത്ര ആഖ്യാന-ആസ്വാദന സംസ്‌കാരം മലയാളത്തിന്‌ അന്യമാണ്‌. വിഭ്രമാത്മകവും വര്‍ണശബളവുമായ ഒരു ദൃശ്യമാധ്യമമായി സിനിമയെ സമീപിക്കുകയും അത്തരമൊരു മിഥ്യാലോകം പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു കൊടുക്കുകയുമാണ്‌ നമ്മുടെ സിനിമാക്കാര്‍ ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ ജനപ്രിയ സിനിമകളില്‍ ദൃശ്യമാകുന്ന സ്‌ത്രീകഥാപാത്രങ്ങളും അവയിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന സാമൂഹ്യവ്യവസ്ഥിതിയും മലയാള സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങളുടെ ചരിത്രം തുടങ്ങുന്നതു മുതല്‍ മനസിലാക്കേണ്ടതുണ്ട്‌. നമ്മുടെ അക്കാദമിക്‌ വ്യവഹാരങ്ങളില്‍ ചലച്ചിത്ര പഠനങ്ങള്‍ വെറും ശുഷ്‌ക സാന്നിധ്യമാണ്‌. മലയാള സിനിമയുടെ ആദ്യകാല ചരിത്രവും ആരംഭദശയില്‍ പുറത്തിങ്ങിയ ചിത്രങ്ങളുടെ പ്രമേയ സന്ദര്‍ഭങ്ങള്‍, കഥാപാത്ര നിര്‍മ്മിതികള്‍, ആഖ്യാന സങ്കേതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങള്‍ അപൂര്‍വമാണ്‌. 50-കളില്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ പ്രമേയങ്ങളെ സ്വാധീനിച്ച സാമൂഹ്യ ചുറ്റുപാടുകള്‍, സ്‌ത്രീ, പരിസ്ഥിതി, ജാതി, വര്‍ഗ വര്‍ണ വ്യവസ്ഥകളെ അടയാളപ്പെടുത്തുന്ന ദൃശ്യങ്ങളുടെ നൈതിരികതയും സത്യസന്ധതയുമെല്ലാം ഈ പഠനത്തിന്റെ ലക്ഷ്യങ്ങളാണ്‌. മലയാള സിനിമയില്‍ കാലങ്ങളായി ആവര്‍ത്തിക്കുന്ന പ്രമേയങ്ങളുടേയും വാര്‍പ്പു മാതൃകകളായ കഥാപാത്രങ്ങളുടേയും തുടക്കം 50-കളില്‍ത്തന്നെയാണോ എന്നും അക്കാലങ്ങളില്‍ നിര്‍മിക്കപ്പെട്ട ചിത്രങ്ങളില്‍ സ്‌ത്രീസംബന്ധിയായ യാഥാര്‍ഥ്യങ്ങളുടെ വക്രീകരണം എത്രത്തോളം ദൃശ്യവത്‌ക്കരിച്ചിട്ടുണ്ട്‌ എന്നും ചരിത്രപരമായ ഒരു പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്നു.ബഹുസ്വരമായ ഒരു ഭാഷ, മത, ജാതി, വര്‍ഗ, ലിംഗ വ്യവസ്ഥിതി നിലനില്‌ക്കുന്ന കേരളീയ (ഇന്ത്യന്‍) സാഹചര്യങ്ങളെ പാടെ നിരാകരിച്ചു കൊണ്ടുള്ള പ്രമേയങ്ങളും കഥാപാത്രങ്ങളുമാണ്‌ കേരളീയത, തനതുസംസ്‌കാരം, മലയാള ബിംബങ്ങള്‍ എന്നീ പേരുകളില്‍ ഇന്നു പടച്ചിറക്കുന്നത്‌. വര്‍ഗീയവും മിഥ്യാപരവുമായ ഉള്ളടക്കങ്ങളാണ്‌ ഇപ്പോഴത്തെ മലയാള സിനിമയില്‍ ഭൂരിപക്ഷവും. 50-കളില്‍ മലയാള സിനിമയുടെ ഉള്ളടക്കങ്ങളെ മിഥ്യവത്‌ക്കരിച്ചിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ (അല്ലെങ്കില്‍) അതിന്റെ ചരിത്രപരമായ കാരണങ്ങളും ഈ പഠനത്തില്‍ അന്വേഷണവിധേയമാക്കുന്നു.കുടുംബചിത്രങ്ങള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ മലയാളചിത്രങ്ങള്‍ തികച്ചും പുരുഷാധിപത്യ സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ കുടുംബ സാമൂഹിക വ്യവസ്ഥകളെ ദൃഢപ്പെടുത്തുന്നവയാണ്‌. സ്‌ത്രീയെ കണ്ണീരിന്റെ പര്യായമാക്കുന്ന, കഷ്‌ടപ്പെടുക, കരയുക എന്നീ ക്രിയകള്‍ക്കപ്പുറത്തേക്ക്‌ ഒരു ലോകമില്ലാത്ത, സ്വതന്ത്ര അസ്‌തിത്വത്തെ നിരാകരിക്കുകയും പുരുഷന്റെ തണലില്‍ ഒതുങ്ങാന്‍ (ഒതുക്കിയ) ആഗ്രഹിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ്‌ ഇത്തരം സിനിമകളില്‍ കാണാന്‍ കഴിയുക. ഇത്തരത്തിലുള്ള പ്രമേയപരമായ ദൗര്‍ബല്യങ്ങള്‍ എവിടെത്തുടങ്ങുന്നു എന്ന്‌ 50-കളിലെ സിനിമകളെ നോക്കിയാല്‍ മനസിലാകും. നമ്മുടെ സിനിമാ നിര്‍മാണ പ്രക്രിയകളില്‍ സ്‌ത്രീയുടെ അസാന്നിധ്യവും പ്രമേയങ്ങളിലെ നിശബ്‌ദ സാന്നിധ്യവും പഠനവിധേയമാക്കേണ്ടതുണ്ട്‌.1950 മുതല്‍ 60 വരെ ആകെ 66 ചിത്രങ്ങളാണ്‌ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്‌. ഇതില്‍ 14 ചിത്രങ്ങളും സ്‌ത്രീ കഥാപാത്ര കേന്ദ്രീകൃത പ്രമേയങ്ങളായിരുന്നു. പ്രസന്ന, ചേച്ചി, ആത്മസഖി, അമ്മ, കാഞ്ചന, മരുമക്കള്‍, പ്രേമലേഖ, അനിയത്തി, ബാല്യസഖി, നീലക്കുയില്‍, സ്‌നേഹസീമ, ദേവസുന്ദരി, പാടാത്ത പൈങ്കിളി, ലില്ലി, മറിയക്കുട്ടി എന്നിവയാണ്‌ ഈ ചിത്രങ്ങള്‍. ഈ സിനിമകളിലെ സ്‌ത്രീ സാന്നിധ്യവും അവയുടെ സാമൂഹികവും രാഷ്‌ട്രീയവുമായ പ്രസക്തി, അവതരണത്തിലെ വൈകല്യങ്ങളും സത്യസന്ധതയുമെല്ലാം സാഹിത്യ സിദ്ധാന്തങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്‌താല്‍ അക്കാലത്തെ സ്‌ത്രീപക്ഷസിനിമകളുടെ അകംപൊരുളും ഉദ്ദേശലക്ഷ്യവും വെളിവാകും.പുരുഷാധിപത്യസ്വഭാവമുള്‍ക്കൊള്ളുന്ന ഒരു ചലച്ചിത്രസംസ്‌കാരമാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. ഇന്ത്യയിലെ മറ്റു ഭാഷകളിലെ ചലച്ചിത്രരീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി പുരുഷ കേന്ദ്രീകൃതമായ ഒരു താരവ്യവസ്ഥയാണ്‌ മലയാള സിനിമയില്‍ കാലങ്ങളായി നിലനില്‍ക്കുന്നത്‌. മലയാളത്തിലെ ആദ്യകാല ചിത്രങ്ങളിലെ നായികമാര്‍ കുറഞ്ഞ കാലയളവിനുള്ളില്‍ വിസ്‌മൃതിയിലായതെന്തുകൊണ്ട്‌?, ആ പ്രവണത ഇന്നും തുടരുന്നതെന്തുകൊണ്ട്‌? ചിന്തിക്കണം.കഥാപാത്രങ്ങളിലും പ്രമേയങ്ങളിലും വൈയക്തികമായ പദവികളിലും നമ്മുടെ സ്‌ത്രീകള്‍ ചുരുങ്ങിപ്പോകുന്നതിന്റെ കാരണങ്ങളും ഇതില്‍ പഠനവിധേയമാക്കുന്നു. പുരുഷന്റെ ലൈംഗിക,പ്രണയ കാമനകളെ ഉദ്ദീപിപ്പിക്കുന്ന സ്‌ത്രീ ശരീര ലൈംഗികതാ നിര്‍മിതികള്‍ ആണ്‌ ഇവിടുത്തെ ഒട്ടുമിക്ക കലാരൂപങ്ങളിലും നിലനില്‍ക്കുന്നത്‌. സിനിമയില്‍ ഇത്‌ എത്രമാത്രം സാധ്യമായിട്ടുണ്ട്‌ എന്നും അതിന്റെ തുടക്കം എവിടെനിന്നാണ്‌ എന്നും അന്‍പതുകളിലെ സിനിമകളെ ആധാരമാക്കി പഠിച്ചാല്‍ ഉദ്‌ഭവം എവിടെതുടങ്ങി എന്നതിനുത്തരമാകും. വെള്ളിത്തിരയില്‍ പുരുഷന്റെ പിന്നില്‍ നിറഞ്ഞാടിയ സ്‌ത്രീകള്‍ക്കും സ്‌ത്രീകഥാപാത്രങ്ങള്‍ക്കും മലയാളത്തില്‍ കുറവുണ്ടായിട്ടില്ല. സ്വാതന്ത്ര്യലബ്‌ധിയോടെ തന്നെ സ്‌ത്രീശാക്തീകരണത്തിന്റെ വക്താക്കളായ മലയാളവനിതകള്‍ മിക്ക മേഖലകളിലും ശക്തമായ സാന്നിദ്ധ്യം ഉറപ്പു വരുത്തിയിട്ടും അഭ്രലോകത്ത്‌ വളരെ പ്രകടമായി സ്‌ത്രീ സാന്നിദ്ധ്യം ഇല്ലാതെ വരുന്നത്‌ ഖേദകരമാണ്‌. ലോകസിനിമയില്‍ സമീറമഖ്‌മല്‍ബഫിനെപ്പോലെ ഒരു സംവിധായിക നമ്മുക്കെന്തേ ഇല്ലാതെ പോയത്‌? അതുപോലെ ഇന്ത്യയില്‍ നിന്ന്‌ മീരാ നായരും ദീപാമേത്തയും ലുബ്‌ധപ്രതിഷ്‌ഠയെങ്കിലും നേടിയപ്പോള്‍ മലയാളത്തില്‍ നിന്നാരും ഉണ്ടായില്ല. സംവിധാനം, നിര്‍മാണം തിരക്കഥ മറ്റു സാങ്കേതിക മേഖലകളിലൊന്നും എത്രയോര്‍മിച്ചാലും ഒരു പേരുകണ്ടെത്താന്‍ സാധിക്കുന്നില്ല. ഒരു ദീദി ദാമോദരനുണ്ടായതുകൊണ്ട്‌ കാര്യമില്ല

1 comments:

paarppidam December 25, 2008 at 2:32 AM  

നന്നയി.ഇറ്ന്നിതാ തിരക്കഥാരംഗത്ത് ദീദി ദാമോദരനെപ്പോലുൾലവർ വന്നുകൊണ്ടിരിക്കുന്നു...