Friday, December 26, 2008

കേരളം ഒന്നാമതെത്തും


അനില സുന്ദരിയായിരുന്നു. കുടുംബത്തില്‍ സമ്പത്തും ധാരാളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആഡംബരത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. പഠിച്ചതും വളര്‍ന്നതും ബാംഗളൂരുള്ള ഹൈടെക്‌ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍. നഗരത്തില്‍ `ചുറ്റിയടിക്കാന്‍' വിവിധ ഫാഷനിലുള്ള ഒന്നിലധികം കാറുകള്‍. ജീവിതത്തിന്റെ ആഡംബരം എന്തെന്ന്‌ അവള്‍ ഓരോ അണുവിലും അറിഞ്ഞു. അനിലയെക്കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ അവളുടെ കൂട്ടുകാരി ലിന്റയോടു സംസാരിക്കണം. സംഭവം രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. ഇരുവരും ബയോടെക്‌നോളജിക്ക്‌ പഠിക്കുന്ന സമയം. നിരവധി ആണ്‍സുഹൃത്തുക്കള്‍ അവള്‍ക്കുണ്ടായിരുന്നു. ഇവരുമായി ചില അവിഹിത ബന്ധങ്ങളില്‍ അനിലയ്‌ക്കുണ്ടായിരുന്നുവെന്നു ലിന്റ സമര്‍ഥിക്കുന്നു. അനിലയെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ലിന്റ തയാറായി. അനില തുടര്‍ന്നു.. ``24 വയസിനിടെ ബാംഗളൂരില്‍വച്ച്‌ അനില നാലുപ്രാവശ്യം ഗര്‍ഭഛിദ്രത്തിനു വിധേയയായതായി എനിക്കറിയാം. ഓരോ പ്രവശ്യവും അടിവയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചിട്ടു വരുമ്പോഴും അവളില്‍ യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവം. പലവട്ടം ഉപദേശിച്ചു നോക്കി. യാതൊരുഫലവുമുണ്ടായില്ല. ഒടുവില്‍ വിവരം ഒറ്റപ്പാ ലത്തുള്ള അനിലയുടെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ മകളുടെ കാര്യത്തില്‍ വലിയ ശ്രദ്ധകൊടുക്കുന്ന ഒരു അച്ഛനെയും അമ്മയെയും അവിടെ കാണാനായില്ല. ഏതാണ്ട്‌ രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കോളജ്‌ പഠനം പൂര്‍ത്തിയാക്കുന്നതിനൊരുമാസം മുമ്പ്‌ അനില മുറിക്കുള്ളില്‍ വല്ലാത്തൊരുമാനസികാവസ്ഥയില്‍ കാണപ്പെട്ടു. വിവരം അന്വേഷിച്ച എന്നെ അവള്‍ ആക്രമിക്കാനൊരുങ്ങി. ഞാന്‍ ഓടി മാറുകയാണുണ്ടായത്‌. അന്നു വൈകുന്നേരം മുറിയിലെത്തിയ അവള്‍ ഉണ്ടായ സംഭവങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. ചെയ്‌ത കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞുകൊണ്ട്‌ അവള്‍ വിതുമ്പി. ഒടുവില്‍ കോളജ്‌ വിട്ടു ഞങ്ങള്‍ പിരിയുമ്പോള്‍ ഉണ്ടായ വിവരങ്ങള്‍ ആരോടും പറയല്ലെ എന്നവള്‍ അപേക്ഷിച്ചു''. പിന്നീടൊരിക്കലും ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്ന്‌ ലിന്റ പറയുന്നു. കേരളമെന്ന ``ഠ'' വട്ടത്തില്‍ ഉണ്ടാകുന്ന ഗര്‍ഭഛിദ്രങ്ങളുടെ പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്‌. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ സാഹചര്യം തികച്ചും ഭിന്നമാണ്‌. പെണ്‍കുഞ്ഞായി പിറന്നാലുണ്ടാകുന്ന വിഷമതകള്‍ അകറ്റുന്നതിനാണ്‌ അവിടങ്ങളില്‍ കൂടുതലായി ഗര്‍ഭഛിദ്രം നടത്തുന്നത്‌. അവരെ വളര്‍ത്തുന്നതിനുള്ള സാമ്പത്തികമില്ലായ്‌മ, പെണ്‍കുട്ടികളെക്കുറിച്ചുള്ള മോശമായ ധാരണകള്‍, തെറ്റായ സാമൂഹിക പരിഗണനകള്‍ ഇവയൊക്കെയാണു ഗര്‍ഭഛിദ്രത്തിന്‌ മാതാവിനെ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍,കേരളത്തെ സംബന്ധിച്ച്‌ ഈ കാരണങ്ങള്‍ ഡോക്‌ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും അപ്പാടെ തള്ളുകയാണ്‌. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു മുതിര്‍ന്ന ഡോക്‌ടര്‍ പറയുന്നതനുസരിച്ചു പെണ്‍കുട്ടികളാണ്‌ ഉദരത്തില്‍ പിറന്നിട്ടുള്ളത്‌ എന്ന കാരണത്താല്‍ കേരളത്തില്‍ ഒരു ഗര്‍ഭഛിദ്രംപോലും നടക്കുന്നില്ല. നമ്മുടെ സാമൂഹികപശ്ചാത്തലം അത്തരത്തിലുള്ളതല്ല. ജീവിതനിലവാരവും വേഗത്തിലുള്ള ജീവിത ക്രമവുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ലൈംഗികതയോടുള്ള അമിതഭ്രമവും ഒരു കാരണമാണ്‌. `ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തില്‍ കേരളത്തില്‍ പ്രതിവര്‍ഷം നാലുലക്ഷം നിഷ്‌കളങ്കജീവിതത്തെ കശാപ്പുചെയ്യുന്നുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. സ്വകാര്യആശുപത്രികളാണ്‌ `കൊലപാതകങ്ങള്‍' കൂടുതലായി നടക്കുന്നത്‌. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. അസന്മാര്‍ഗിക ഇടപെടലുകളിലൂടെ സംഭവിച്ച 'നാണക്കേടിനെ' ഇല്ലായ്‌മ ചെയ്യാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്‌ ഇത്തരം സ്ഥാപനങ്ങളെയാണ്‌. ഈയിടെവന്ന ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്നതില്‍ നാലാം സ്ഥാനത്താണു കേരളം. 1996-ലെ പഠനത്തില്‍ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാം ഇക്കാര്യത്തിലും ഒന്നാം സ്ഥാനം നേടാനുള്ള നെട്ടോട്ടത്തിലാണ്‌. ആത്മഹത്യയിലും മറ്റും നാമാണല്ലോ ഒന്നാം സ്ഥാനത്ത്‌

1 comments:

sandeep salim (Sub Editor(Deepika Daily)) December 26, 2008 at 11:19 PM  

ആധുനിക ലോകത്തിന്റെ ആശങ്കകളെ കുറിച്ച്‌ ബോധവാനാകുന്നതില്‍ സന്തോഷം....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം