Friday, December 19, 2008

മരുഭൂമിയിലെ രത്‌നം


സി.കെ. രാജേഷ്‌കുമാര്


‍ലോക സംസ്‌കാരങ്ങളുടെ ചരിത്രത്തില്‍ ഭാരതസംസ്‌കാരത്തിന്‌ തിളങ്ങുന്ന ഒരു അധ്യായമാണുള്ളത്‌. ഇന്ത്യയുടെ വടക്കുപടിഞ്ഞാറുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ രാജസ്ഥാന്റെ ചരിത്രത്തില്‍ രജപുത്രന്മാര്‍ക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌. കച്ചവട വംശത്തില്‍ രജപുത്രന്മാരെ മരുഭൂമിയിലെ തിളങ്ങുന്ന രത്‌നങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.രാജസ്ഥാന്‍ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ജയ്‌സല്‍മീരിന്‌ ചരിത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്‌.


ജയ്‌സല്‍മീറിലേക്കുള്ള യാത്ര ഏതൊരു യാത്രികന്റെയും ഹൃദയത്തെ തരളിതമാക്കുമെന്നതില്‍ തര്‍ക്കമില്ല. പുതുമയും പഴമയും ഒത്തുചേരുന്ന അതിമനോഹരമായ ദൃശ്യങ്ങള്‍ ജയ്‌സല്‍മീറിന്‍രെ മാത്രം പ്രത്യേകതയാണ്‌. പ്രകൃതിയും മനുഷ്യനും ,ഇവയുടെ മനോഹരമായ സമന്വയത്തിന്റെ വേദിയാണ്‌ ഇവിടം.പ്രഭാത സൂര്യന്‍ ഉദിച്ചുയരുന്നതോടെ ജയ്‌സല്‍മീരിന്‌ ഒരു സുവര്‍ണനിറം കൈവരുന്നു. അകവും പുറവും എല്ലാം വര്‍ണിക്കാനാവാത്ത സൗന്ദര്യപ്രഭയില്‍, വര്‍ണപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ദൃശ്യചാരുത ഇവിടെ ദര്‍ശിക്കുമാറാകുന്നു. മരുഭൂമിയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട്‌ പ്രാചീനകാലത്ത്‌ ഇവിടെ എത്തിച്ചേരുന്നതിന്‌ വളരെ ക്ലേശിക്കേണ്ടിവന്നു. ഇപ്പോഴും അങ്ങിനൊരു ക്ലേശം ഉണ്ട്‌.1156 -ല്‍ ചന്ദ്രവംശിയാദവ്‌ ഭട്ടി റാവല്‍ ആണ്‌ അതിമനോഹരമായ ജയ്‌സല്‍മീര്‍ പട്ടണവും ഇവിടുത്തെ കോട്ടകളും സ്ഥാപിച്ചത്‌.ഈ സ്ഥലത്തെ മനോഹരമായ കോട്ടകളും ഹര്‍മ്യങ്ങളും എല്ലാം നിര്‍മിച്ചിരിക്കുന്നത്‌ മണല്‍ക്കകല്ലുകള്‍ കൊണ്ടാണ്‌. കോട്ടകളുടെയും കെട്ടിടങ്ങളുടെയും ശില്‌പചാരുത അവര്‍ണനീയമാണ്‌. കല്ലുകളുടെ സൗന്ദര്യവും ശില്‌പചാരുതയും കാഴ്‌ചക്കാരെ അത്ഭുതപരവശരാക്കുന്നു.


ഒപ്പം അവരെ ഒരു മായിക ലോകത്തെത്തിക്കുന്നു. ഒരുശില്‍പിയുടെ സ്വപ്‌നങ്ങളിലെ ഏറ്റവും ഉദാത്തമായ ഭാവനയുടെ ആവിഷ്‌കാരമാണോ ഈ നിര്‍മിതികള്‍ എന്ന്‌ തോന്നിപ്പിക്കത്തവിധം ജീവസുറ്റതാണിവ.ജയ്‌സല്‍മീര്‍ യാത്ര പൂര്‍ണാകണമെങ്കില്‍ കോട്ടയ്‌ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയം സന്ദര്‍ശിക്കണം. ഈ മ്യൂസിയത്തില്‍ രാജസ്ഥാന്റെ പ്രൗഡമായ ചരിത്രത്തിന്റെ നാടന്‍ ശിലുകളുടെയും സംസ്‌കാരത്തിന്റെയും മനോഹര ഏടുകള്‍ ദൃശ്യമാകും. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ സന്ദര്‍ശന സമയം.ജയ്‌സല്‍മീരില്‍ ചരിത്രമുറങ്ങുന്ന നിരവധി കൊട്ടാരങ്ങളും ഒപ്പം നഗരങ്ങളും കാണാം. 15-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനുമിടയിലാണ്‌, ഈ കോട്ടകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. രാജ്‌മഹല്‍, അഖേമില്ലസ്‌, രംഗ്‌മഹല്‍ എന്നിവ ഇതില്‍പ്രധാനപ്പെട്ടവയാണ്‌. ഈ കൊട്ടാരങ്ങളുടെ നടുവിലാണ്‌ പ്രസിദ്ധമായ `അമര്‍നാഗ' സിംഹാസനം കാണുവാന്‍ സാധിക്കുന്നത്‌. ഈ സുവര്‍ണ മരുഭൂമിയിലെ അന്നത്തെ രാജക്കാന്മാരുടെയും ജനങ്ങളുടെയും ആഡംബരതഎത്രത്തോളമെന്നു മനസ്സിലാക്കുവാനും അനുഭവിക്കാനും ജയ്‌സല്‍മീര്‍ സന്ദര്‍ശനത്തില്‍ നിന്നു സാധിക്കുന്നു. ഈ കോട്ടയ്‌ക്കുള്ളില്‍ 52 ജൈനാലയങ്ങളും ജൈനമത വിശ്വാസികളുടെ നിരവധി ക്ഷേത്രങ്ങളുമുണ്ട്‌. ജിത്തമണി വിശ്വനാഥ്‌ നിര്‍മിച്ച ക്ഷേത്രമാണ്‌ ഇതില്‍ ഏറ്റവും പഴക്കം ചെന്നത്‌. വിക്രം കാലഘട്ടം 1459-ലാണ്‌ ഈ ക്ഷേത്രങ്ങളില്‍ അധികവും പണികഴിപ്പിച്ചിട്ടുള്ളത്‌. ഏതാണ്ട്‌ 6000 പ്രതിമകളിലായി കഴിഞ്ഞ 600 വര്‍ഷങ്ങളായി മുടങ്ങാതെ പൂജകള്‍ നടത്തിവരുന്നു.


ഇവിടുത്തെ ഗര്‍ഭഗൃഹം, തൊരാത്താസ്‌, മണ്ഡപങ്ങള്‍, സമദുകള്‍ എന്നിവയെല്ലാം അപൂര്‍ശില്‌പഭംഗി തുളുമ്പുന്നവയാണ്‌. ഈ കോട്ടകൊത്തളങ്ങളുടെ മനോഹാരിത ദര്‍ശിക്കുമ്പോള്‍ ഇവ നിര്‍മിക്കാന്‍ വേണ്ടി പണിയെടുത്ത ശില്‍പികളുടെ ആത്മാര്‍ഥതയും സ്വയം സമര്‍പ്പണവും മനസിലാകും. ഗന്ധര്‍വന്മാരുടെ ശില്‍പങ്ങള്‍, വാദ്യോപകരണങ്ങള്‍ വായിച്ചിക്കിരിക്കുന്ന കിനര്‍വന്മാരുടെ ശില്‌പങ്ങള്‍ എന്നിവയോടൊപ്പം അരിമണിയോളം വലിപ്പം മാത്രമുള്ള അതിമനോഹരമായ ചിത്രങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്‌. 23-ാം തീര്‍ഥങ്കരന്‍ നിര്‍മിച്ച ജിത്തമണി വിശ്വനാഥിന്റെ ശില്‌പം ചന്ദനശിലയിലാണ്‌ പണികഴിപ്പിച്ചിട്ടുള്ളത്‌. ഇതിനോട്‌ ചേര്‍ന്ന്‌ മൂന്നാമത്‌ തീര്‍ഥങ്കരനായ സംഭവ്‌ നാഥജിന്റെ ക്ഷേത്രവും ശില്‍പവും സ്ഥിതിചെയ്യുന്നു. വിക്രം കാലഘട്ടം 1494-ല്‍ മഹാറാവല്‍ ലക്ഷ്‌മണിന്റെ കാലഘട്ടത്തിലാണ്‌ ഈ ശില്‌പം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ഇതിന്റെ സമീപത്തായി ജിത്തമണി നിര്‍മിച്ച പത്താമത്‌ തീര്‍ഥങ്കരനായ ശീതള്‍ നാച്ചിയുടെ ശില്‌പവും സ്ഥിതിചെയ്യുന്നു. വിവിധ തരത്തിലുള്ള എട്ട്‌ ലോഹങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണ്‌ ഈ പ്രതിമ. ഇവിടെ സ്ഥിതിചെയ്യുന്ന ഗ്യാന്‍ഗംഗയില്‍ ജൈനമതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍, പുസ്‌തകങ്ങള്‍, താളിയോലകള്‍ മുതലായവ കാണുന്നു. നാടന്‍ ശിലുകളില്‍ അധികവും പനയോലകളിലും ബോജ ഇലകളിലും പേപ്പര്‍ വരകളിലും പൗരാണിക തടി സ്റ്റേറ്റുകളിലുമായി എഴുതിവച്ചിരിക്കുന്നു. ജൈനമതവിശ്വാസത്തിലെ പ്രധാനിയായിരുന്നു കുശ്‌വല്‍ സൂരജി എന്നയാളുടെ ശവസംസ്‌കാര സമയത്ത്‌ അദ്ദേഹത്തിന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന വസ്‌ത്രത്തിന്റെ ഒരു കഷണം കാണാതിരുന്നു.


ഈ വസ്‌ത്രക്കഷണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ്‌ ഗ്യാന്‍ഗംഗ.കൂടാതെ ഇവിടെ സരസ്വതി യന്ത്രവും സൂക്ഷിച്ചിരിക്കുന്നു.ജൈനമതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ ശില്‍പങ്ങളും ഈ കോട്ടയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാചിന കാലഘട്ടത്തിലെ ഓര്‍മിക്കേണ്ട വസ്‌തുതകള്‍ ആര്‍ക്കും മാതൃയാക്കാവുന്ന തരത്തില്‍ ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ചരിത്രപ്രധാന്യമുള്ള മൂവായിരത്തോളം അപൂര്‍വ പുസ്‌തകങ്ങള്‍ ഗ്യാന്‍ഗംഗയില്‍ ഭദ്രമായി തന്നെ സൂക്ഷിച്ചിരിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അമരത്വത്തിന്റെ പ്രതീകമായി, ദേശീയതയതയുടെ അഭിമാനമായി നിലകൊള്ളുകയാണ്‌ ഗ്യാന്‍ഗംഗ.ഗ്യാന്‍ഗംഗയ്‌ക്ക്‌ അരികിലായി ജൈനമത സ്ഥാപകനും 24-ാമത്‌ തീര്‍ഥങ്കരനുമായ മഹാവീരന്റെ വിഗ്രഹം സ്ഥിതിചെയ്യുന്നു. കോട്ടയില്‍ നിന്നും 15 കിലോമീറ്റര്‍ മാറി പ്രസിദ്ധമായ ബ്രഹ്‌മസാ എന്ന ജൈനമതക്ഷേത്രവുമുണ്ട്‌. അടുത്തായി ബംബീശ മഹാജന്റെ ക്ഷേത്രവും ഗോസായിമാരുടെ സ്‌മാരകങ്ങളുമുണ്ട്‌.


ജൈസല്‍മീറില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന തടാകമാണ്‌ അമല്‍സാഗര്‍. ഇതിനോട്‌ ചേര്‍ന്ന്‌ വിക്രം വര്‍ഷം 1928-ല്‍ ഭഗ്നഹിമക്‌ റാംജി നിര്‍മിച്ച അതിമനോഹരമായ ക്ഷേത്രവും കാണാം. 1500ലധികം വര്‍ഷം പഴക്കമുള്ള ഇവിടുത്തെ പ്രതിഷ്‌ഠാ വിഗ്രഹം വിക്രംപൂരില്‍ നിന്നും കൊണ്ടുവന്നതായി പറയപ്പെടുന്നു.വിക്രംവര്‍ഷം 1748-ല്‍ മഹാറാവല്‍ അമര്‍സിംഗാണ്‌ അമര്‍സാഗര്‍നിര്‍മിച്ചത്‌.ജൈസല്‍മീറിന്‌ പശ്ചിമഭാഗത്തായി 16 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നിര്‍മിതിയാണ്‌ ലോദ്രവാനാഗ്‌. ലോദ്രവാ രജപുത്രന്മാരാണ്‌ ഇത്‌ നിര്‍മിച്ചത്‌. പിന്നീട്‌ കാലക്രമത്തില്‍ ഇവ ഭാട്ടി രജപുത്രന്മാരുടെ അധീശത്തിന്‌ കീഴിലായി. ആറാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഈ പട്ടണത്തില്‍ മനോഹരമായ ജൈനമതക്ഷേത്രവും ദേവീക്ഷേത്രങ്ങളുമുണ്ട്‌. പ്രാചീനകാലഘട്ടത്തിലും മധ്യകാലഘട്ടത്തിലുമുണ്ടായിരുന്ന ശില്‌പകലയുടെ അവാച്യമായ സമന്വയം ഈ രമ്യഹര്‍മ്മങ്ങളിലെ ശില്‌പങ്ങളില്‍ ദൃശ്യമാണ്‌. ഇതില്‍ ഏറ്റവും മനോഹരവും വൈവിധ്യവുമാര്‍ന്ന ശില്‍പമാണ്‌ വിക്രംവര്‍ഷം. 1675-ല്‍ ധനൂര്‍ശ ബന്‍സാലി നിര്‍മിച്ച 23-ാം തീര്‍ഥങ്കരനായ ചിന്താമണി പാര്‍ശ്വനാഥിന്റെ ശില്‍പം. ഈ ശില്‍പങ്ങളിലൊക്കെതന്നെ സൂക്ഷ്‌മമായ വശങ്ങളില്‍പ്പോലും ശില്‍പികള്‍ പ്രകടിപ്പിക്കുന്ന കൃത്യത നമുക്ക്‌ മനിസാകും. അക്കാലത്തെ ശില്‍പികളുടെ അത്ഭുതപ്പെടുത്തുന്ന കഴിവിന്റെ, സാമര്‍ഥ്യത്തിന്റെ സാംശീകരണവും ആഴവും അനുഭവവേദ്യമാകും.


അതോടൊപ്പം ഒളിമങ്ങാത്ത ശില്‍പചാരുതയും ശില്‍പങ്ങളിലെ ജീവസും വെളിവാകുന്നു.കുലീനമൂല്യങ്ങളുടെ സര്‍വോദാത്ത ഉദാഹരമാണ്‌ കല്‍പവൃഷ്‌. ജൈനമത വിശ്വാസികളുടെ പുണ്യസ്ഥലമായ ഇവിടെ ദിനംതോറും നിരവധി വിശ്വാസികളെത്തുന്നു. കല്‍പവൃക്ഷിലെ തോരാണവാതിലുകള്‍ ലോകപ്രസിദ്ധമാണ്‌. കാലാന്തരത്തില്‍ യുദ്ധം മൂലം ഇവയ്‌ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ സമ്പന്നത ധ്വനിപ്പിക്കുന്ന മകുടമായി സ്ഥിതിചെയ്യുന്നു. സഹസ്രമണിയുടെ കറുത്ത ഗ്രാനൈറ്റില്‍ നിര്‍മിച്ചിരിക്കുന്ന ശില്‍പം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌. ജെയ്‌സല്‍മീറിന്‌ കിഴക്കായി ഒഴുകുന്ന പനിനീര്‍ തടാകമാണ്‌ ഗര്‍സീസ്‌. വിക്രം വര്‍ഷ്‌ 1396-ല്‍ റാവല്‍ഗര്‍സീസ്‌ നിര്‍മിച്ചതാണിത്‌. ഉദിച്ചുയരുന്ന സൂര്യന്റെ കിരണമേറ്റ്‌ പുളകിതയാകുന്ന ഈ തടാകത്തെ കാണുന്നത്‌ കാഴ്‌ചക്കാരെ ആത്മീയതയുടെ പരമകോടിയിലെത്തിക്കുന്നു. കൂടാതെ പ്രകൃതി അതിന്റെ എല്ലാ സ്വഭാവികമായ മനോഹാരിതയുടെ നിറവോടെ ജ്വലിച്ചുനില്‍ക്കുന്നതുപോലെ തോന്നും സമാനതകളില്ലാത്ത ഈ കാഴ്‌ചകണ്ടാല്‍.ജൈസല്‍മീറിലെ ഹവേലികള്‍, അഥവാ പ്രാചീനകെട്ടിടങ്ങള്‍ ഈ പട്ടണത്തിന്റെ മകുടുത്തിലെ തിളങ്ങളുന്ന രത്‌നങ്ങളാണ്‌. പ്രത്യേകിച്ചും ഹത്വാസിലെ ഹവേലികള്‍. ഈ കെട്ടിടങ്ങളുടെ പ്രത്യേകതകളാണ്‌ പട്ടണത്തിന്‌ ഇത്രയധികം പേരും പ്രശസ്‌തിയും നേടിക്കൊടുക്കുന്നതിന്‌ നിധാനമായിട്ടുള്ളത്‌. ഈ കെട്ടിടങ്ങളുടെ ശില്‍പചാരുത കാഴ്‌ചക്കാരുടെ മനസിനെ മായിക ലോകത്തെത്തിക്കുന്നു. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അവര്‍ണനീയ ഒരനുഭവം പ്രദാനം ചെയ്യുന്നതാണ്‌ ഹവേലികളിലെ ദര്‍ശനം. ഇവിടുത്തെ ദൃശ്യവിരുന്ന്‌ അത്രയും പകര്‍ന്ന്‌നല്‍കുന്നത്‌. ഒരു മായികാനുഭവമാണ്‌. ഒപ്പം മനസില്‍ എന്നും സൂക്ഷിക്കാന്‍ ഒരു നിധി.രാജസ്ഥാന്റെ പ്രൗഡിവിളിച്ചോതുന്ന നിരവധി വസ്‌തുക്കള്‍ കാണാനും വാങ്ങാനുമുള്ള സൗകര്യങ്ങള്‍ ഉണ്ട്‌. ആഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, കൈത്തറി ഉല്‌പന്നങ്ങള്‍, ലതര്‍ ഉല്‌പന്നങ്ങള്‍, സ്‌മരണികകള്‍ മുതലായവയാണ്‌ പ്രധാനപ്പെട്ടവ. ജൈസല്‍മീറിലെ വാണിഭകേന്ദ്രങ്ങളില്‍ നിന്ന്‌ തിരികെ പോരുമ്പോള്‍ കൊണ്ടുപോരാനും അതിലുമേറെ ഓര്‍മവയ്‌ക്കാനും കഴിയുന്നതിനുമപ്പുറമുള്ള സാധനങ്ങള്‍ വാങ്ങാനും കാണുവാനും സാധിക്കുന്നു.


ഈ മരുഭൂമി നഗരത്തിലെ ഭക്ഷ്യവിഭവങ്ങളും പ്രസിദ്ധമാണ്‌. ഇവിടെ പാകം ചെയ്യുന്ന മിര്‍ച്ചിവട ലോക പ്രസിദ്ധമാണ്‌.ജൈസല്‍ മീറിന്റെ ഹൃദയഭാഗമാണ്‌ മഹാരാഘവ്‌. രാജസ്ഥാനിലെ ഏറ്റവും വലിയ ഹര്‍മ്യമായിട്ടാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ജഹര്‍വിലാസ്‌ എന്നയാള്‍ 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണിത്‌. ഇവിടുത്തെ മുസ്‌ലിം മതവിഭാഗത്തിന്റെ കെട്ടിടങ്ങള്‍ ശില്‌പഭംഗിതുളുമ്പന്നവയാണ്‌. ഇതില്‍ പ്രധാനപ്പെട്ടതും വശ്യഭംഗി നേത്രങ്ങള്‍ക്ക്‌ പകര്‍ന്നതുമാണ്‌ തസ്യാടവര്‍ സമുച്ചയം.വളരെ ചരിത്രപ്രധാന്യമുള്ള ഒരു ഗ്രാമമാണ്‌ ജൈസല്‍മീറില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പാലിവാല. 180 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സാലംസിംഗ്‌ രാജ എന്ന രാജാവിന്റെ ദുര്‍ഭരണം സഹിക്കാതെ 85 ബ്രഹ്‌മണകുടുംബങ്ങള്‍ ഈ നഗരം വീട്ട്‌ പോയി. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട അവശിഷ്‌ടങ്ങള്‍ ഇവിടെ കാണാം.രാജസ്ഥാനികളുടെ ആതിഥ്യമര്യാദ വളരെ പ്രസിദ്ധമാണ്‌. സന്ദര്‍ശകരെ യഥോചിതം സ്വീകരിക്കുന്നതില്‍ അതീവ തത്‌പരരാണിവര്‍. എല്ലാ ജനവിഭാഗങ്ങളുടെയും സാമ്പത്തിക നിലയ്‌ക്കനുസരിച്ചുള്ള ഹോട്ടലുകളും മറ്റ്‌ താമസസൗകര്യങ്ങളും ഉവിടെയുണ്ട്‌. ഹോട്ടലുകള്‍ നടത്തുന്ന രാജസ്ഥാന്റെ കലാപാരമ്പര്യം വെളിവാകുന്ന നാടോടിനൃത്തവും മറ്റും കൗതുകകരമാണ്‌.


ജൈസല്‍മീറിലെ പകലിന്റെ പ്രകാശവും രാത്രിയുടെ ദീപങ്ങളുംമനസില്‍ മായിച്ചുകളയാനാവാത്തതും ഇനിയും നമ്മെ ഇവിടെ എത്തിക്കുവാന്‍ ഉതകുന്ന മായിക കാഴ്‌ചയും പകര്‍ന്ന്‌ നല്‍കുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പ്രദാനം ചെയ്യുന്നതാണ്‌ ജൈസല്‍മീറിലെ സന്ദര്‍ശനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ എത്തിയാല്‍ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഖണ്‌ഡതയില്‍ രാജസ്ഥാനും ഒപ്പം രജപുത്ര സമൂഹത്തിനു മുള്ള പങ്ക്‌ മനസ്സിലാകും.

2 comments:

ഉപാസന || Upasana December 24, 2008 at 6:15 AM  

Nice Description SIr

Proceed these type posts.
:-)
Upasana

indu...verutheee January 8, 2009 at 4:47 AM  

GOOD....DO MORE
THE PICTURE 'THE CHILD IN THE DROP'EXCELLENTTT