Tuesday, December 23, 2008

തേളും പഴുതാരയും പിന്നെ ഞങ്ങളും


ലോകത്ത്‌ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉള്ളവരായി ജനിക്കണം എന്നു പറയുന്നത്‌ ശരിയാണ്‌. അതുപോലെ തന്നെയാണ്‌ ജനിച്ചതിനു ശേഷം എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടായിരിക്കുകയെന്നത്‌. ഇതാ രണ്ടാമതു പറഞ്ഞവര്‍ഗത്തില്‍പ്പെട്ട രണ്ടു പേര്‍. ഇവര്‍ ലോകത്തെ കഴിഞ്ഞ കുറെക്കാലമായി വിസ്‌മയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നാമൊക്കെ വളരെ പേടിയോടെ കാണുന്ന ജീവികളാണല്ലോ പഴുതാരയും തേളുമൊക്കെ. എന്നാല്‍ ഇവരെ സംബന്ധിച്ച്‌ ഈ ജന്തുക്കള്‍ ഇവരുടെ സഹവാസികളാണ്‌.

തായ്‌ലന്റിലുള്ള തേളു കളെ സ്‌നേഹിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന കാഞ്ചന കെറ്റ്‌ക്യൂവിന്റെയും പഴുതാരകളോടൊപ്പം ജീവിക്കുന്ന ബുന്താവീ സീങ്‌ വോംങ്ങിന്റെയും കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. 2002-ലാണ്‌ ഇവര്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്‌. ഗ്ലാസുകൊണ്ടുണ്ടാക്കിയ കൂടിനകത്ത്‌ 3400 തേളുകളോടൊപ്പം 32 ദിവസം കഴിഞ്ഞു കഥാനായികയായ കാഞ്ചന. നായകനാവട്ടെ 28 ദിവസമാണ്‌ 1000 പഴുതാരകളോടൊപ്പം ഒരു കൂട്ടില്‍ കിടന്നത്‌. അന്നിവരുടെ നേട്ടം ഗിന്നസ്‌ ബുക്കില്‍ ചേര്‍ത്തിരുന്നു. 2004-ല്‍ ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെട്ടു. അപ്പോള്‍ ഇവര്‍ ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ടു പിടിച്ച മാര്‍ഗം വളരെ വ്യത്യസ്‌തമായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കുവാനങ്ങു തീരുമാനിച്ചു. അതിലൂടെ മറ്റൊരു ഗിന്നസ്‌ റെക്കോര്‍ഡു കൂടി. ഇവര്‍ വിവാഹം കഴിക്കുന്നതിനു തെരഞ്ഞെടുത്ത ദിവസമോ സാക്ഷാല്‍ വാലന്റൈന്‍സ്‌ ഡേ. വിവാഹത്തിന്‌ കാഞ്ചനയുടെ ആഭരണം എന്നു പറയുന്നത്‌ തേളുകളായിരുന്നു. ഇട്ടിരുക്കുന്ന വസ്‌ത്രത്തിനു മുകളില്‍ ഇരിക്കുന്ന തേളുകളെ കണ്ടാല്‍ ആഭരണങ്ങളാണെന്നെ കാഴ്‌ചക്കാര്‍ക്കു തോന്നുകയുള്ളൂ. വരനായ ബുന്താവി വിവാഹസമയത്ത്‌ പഴുതാരയുടെ പകുതി ഭാഗം കാണത്തക്ക വിധത്തില്‍ തന്റെ വായ്‌ക്കകത്താക്കി.

വളരെ അപൂര്‍വതകള്‍ നിറഞ്ഞ ഈ വിവാഹ മാമാങ്കം നടന്നത്‌ തായ്‌ലന്റിലെ കോസമമുയി ദ്വീപിലുള്ള ഒരു റിസോര്‍ട്ടിലായിരുന്നു. കാഴ്‌ചക്കാരായി ഗിന്നസ്‌ ബുക്കിന്റെ ചുമതലപ്പെട്ടവരും നിരവധി നാട്ടുകാരും. കാഴ്‌ചക്കാര്‍ക്ക്‌ ഈ വലിവാഹം അപൂര്‍വമായ അനുഭവമാണ്‌ സമ്മാനിച്ചത്‌. കാഞ്ചനയുടെ വസ്‌ത്രത്തില്‍ പഴുതാരകളെ അലങ്കരിക്കുന്നതിന്‌ ആറു പേരെയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. വിവാഹത്തിനു ശേഷം ഇവരെ വളഞ്ഞ പത്രപ്രവര്‍ത്തകരോട്‌ ഇരുവരും മനസ്സു തുറന്നു. തങ്ങള്‍ ആദ്യമായി കാണുന്നത്‌ ഗിന്നസ്‌ റെക്കോര്‍ഡിടുവാന്‍ ആദ്യം വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ വച്ചായിരുന്നു. 2002-ലായിരുന്നു ഇത്‌. കാഞ്ചനയുടെ പ്രകടനം തന്നെ വിസ്‌മയിപ്പിച്ചുവെന്ന്‌ ബുന്താവി പറയുന്നു. അപ്പോള്‍ തന്നെ ഞാന്‍ കാഞ്ചനയോട്‌ ആ വിവരം പറഞ്ഞു. രണ്ടാമതായിരുന്നു തന്റെ ഊഴം. 28 ദിവസവും എന്റെ പ്രകടനം കാണാന്‍ കാഞ്ചനയുണ്ടായിരുന്നു. അതിനു ശേഷം കാഞ്ചന എന്നെ വന്നഭിനന്ദിച്ചു.

പിന്നീട്‌ ഞങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നു. എന്നാല്‍ മനസ്സിലുണ്ടായിരുന്ന ഇംഗിതം താന്‍ കാഞ്ചനയെ അറിയിച്ചില്ല. കഴിഞ്ഞ വാലന്റൈന്‍സ്‌ ഡേയിലാണ്‌ താന്‍ കാഞ്ചനയോടുള്ള ഇഷ്‌ടം അവളുമായി പങ്കു വച്ചത്‌. അവള്‍ക്കും അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീടുള്ള ഞങ്ങളുടെ പ്രകടനങ്ങള്‍ ഒരുമിച്ചായി. വിവാഹം കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ ഈ വാലന്റൈന്‍ ദിനത്തിന്‌ ഒരാഴ്‌ച മുന്‍പുമാത്രമെന്ന്‌ ബുന്താവി വെളിപ്പെടുത്തുന്നു. കാഞ്ചനയുടെ അഭിപ്രായത്തില്‍ ബുന്താവിയെ വിവാഹം കഴിക്കാന്‍ സാധിച്ച താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണെന്നു പറയുന്നു. ഞങ്ങള്‍ മരിക്കുന്നതുവരെ ഒരുമിച്ചുണ്ടാകുമെന്ന്‌ ഇരുവരും പ്രതിജ്ഞ ചെയ്യുന്നു. ഒപ്പം തങ്ങളുടെ സഹവാസികളായ പഴുതാരകളും തേളും.

നിങ്ങള്‍ ഒരുമിച്ചുറങ്ങുമ്പോള്‍ ഇതൊരു പ്രശ്‌നമാവില്ലെ എന്ന ചോദ്യത്തിന്‌ ഇരുവരും പറഞ്ഞ ഉത്തരം വിചിത്രമായിരുന്നു. ഞങ്ങളുടെ ഇനിയുള്ള ശ്രമം പഴുതാരയെയും തേളിനെയും തമ്മില്‍ എങ്ങിനെ പ്രേമിപ്പിക്കാം എന്നതായിരിക്കുമെന്നു പറയുന്നു. ഇവരുടെ താലിച്ചരടില്‍ പഴുതാരയുംതേളുമുണ്ടായിരുന്നു. ലോകത്തില്‍ തങ്ങള്‍ മാതൃകാ ദമ്പതിമാരായിരിക്കുമെന്ന്‌ വിവാഹവേളയില്‍ ഇരുവരും ഉറപ്പുതരുന്നു. ഇത്തരം ജീവികളോടൊപ്പം ഒരുമിച്ചു ജീവിക്കുകയെന്നത്‌ ഞങ്ങളെ സംബന്ധിച്ച്‌ വളരെ വെല്ലുവിളി നിറഞ്ഞതാണെന്നറിയാം.

എന്നാലും തങ്ങള്‍ മരണം വരെ ഒരുമിച്ചുണ്ടാകും. ഇരുവരുടെയും വാക്കുകളില്‍ ആത്മവിശ്വാസം സ്‌ഫുരിക്കുന്നു. ഈ ലോകം എന്നും വ്യത്യസ്‌തതകള്‍ നിറഞ്ഞവരകുടേതാകണം എന്നാണ്‌ തങ്ങളുടെ ആഗ്രഹം. ഇങ്ങനെയൊക്കെ ഇരുവരും പറയുമ്പോള്‍ ലോകം ഇവരുടെ മുന്നില്‍ അത്ഭുതത്തോടെ ശിരസു നമിക്കുന്നു.

2 comments:

കാന്താരിക്കുട്ടി December 24, 2008 at 7:47 AM  

എന്റമ്മച്യേ !! ഈ പടം കണ്ടിട്ട് ഓക്കാനം വരണൂ.ച്ഛെ ! ദേഹത്താകെ തേളും പഴുതാരേം !

Dubai July 10, 2009 at 8:57 AM  

Hi Rajesh, Nice blog...Will read in detail when I am free...I am also a journalist from dubai..native Kottayam..journalist in Indian Express, and many newspapers in the Middle east...I will link you to my news portal www.keralamonitor.com

with regards
V M Sathish
sr reporter
emirates business 24-7
Dubai UAE