Thursday, January 15, 2009

was sachin not greatest ? !


നൂറ്റാണ്ടിന്റെ വിഡ്‌ഢിത്തം


പത്തൊമ്പതുവര്‍ഷമായി കളിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു പ്രത്യേക കാലയളവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവച്ചിട്ടില്ല. അതാണ്‌ ലോകത്തിലെ എക്കാലത്തെയും മികച്ച 20 ടെസ്റ്റ്‌ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‌ ഇടം നേടാന്‍ സാധിക്കാത്തതിന്‌ ഐ സി സി നല്‍കുന്ന ന്യായീകരണം. ഇന്ത്യയോടും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളോടും ഐ സിസി പുലര്‍ത്തുന്ന മനോഭാവത്തിന്റെ അവസാനത്തെ ഉദാഹരണമായി ഐ സി സിയുടെ ഈ തീരുമാനം. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാനായ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍ തന്റെ പ്രതിരൂപമായി വാഴ്‌ത്തിയ സച്ചിനെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്‌ വെള്ളക്കാരന്റെ അസഹിഷ്‌ണുതയാണ്‌ വെളിപ്പെടുത്തുന്നത്‌. അവരുടെ ധാര്‍ഷ്‌ട്യത്തിന്‌ ഒരിക്കല്‍കൂടി ഒരു ഇന്ത്യക്കാരന്‍ ഇരയാവുകയാണ്‌. ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച ടെസ്റ്റ്‌ താരങ്ങളെ സംഭാവന നല്‍കിയിട്ടുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന്‌ 20 പേരുടെ പട്ടികയില്‍ ഇടം നേടിയത്‌ കുമാര സംഗക്കാര, മുഹമ്മദ്‌ യൂസഫ്‌, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ മാത്രമാണ്‌. ഗാവസ്‌കറുടെസ്ഥാനമാവട്ടെ ഇരുപതാമതും. സച്ചിന്റെ സ്ഥാനം 26-ാമതാണ്‌.


മാത്യു ഹെയ്‌ഡനും ജാക്ക്‌ കാലിസും സംഗക്കാരയും മൈക്ക്‌ ഹസിയുമൊക്കെ സച്ചിന്റെ മുന്നിലാണ്‌! ലോകംകണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്‌മാന്‍ എന്നു വിലയിരുത്തപ്പെടുന്ന സച്ചിനെ ഐ സി സി പെടുത്തിയിരിക്കുന്നതാവട്ടെ 12-ാമതും. എന്തുമാനദണ്‌ഡത്തിന്റെ അടിസ്ഥാനത്തിലാണ്‌ സച്ചിനെ പട്ടികയില്‍നിന്നു പിന്തള്ളിയത്‌ എന്ന ചോദ്യത്തിന്‌ ഐ സി സി നിരത്തുന്ന മുടന്തന്‍ ന്യായങ്ങള്‍ ഒരിക്കലും സച്ചിന്റെ പ്രതിഭയെ തളര്‍ത്തുകയോ കോടിക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ അടിത്തറയിളക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌ ഐ സി സി സ്വയം അപഹാസ്യമാവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.

ഐ സിസി ഈ പമ്പര വിഡ്‌ഢിത്തം കാണിച്ചിരിക്കുന്നത്‌ അവരുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ്‌ എന്നു കൂടി പറയുമ്പോള്‍ അതിന്റെ വ്യാപ്‌തി എത്രത്തോളമെന്നുമനസിലാകും. അതുകൊണ്ടുതന്നെ നൂറ്റാണ്ടിന്റെ വിഡ്‌ഢിത്തമായി ഇതിനെ ക്രിക്കറ്റ്‌ പ്രേമികള്‍ വിലയിരുത്തും. അന്താരാഷ്‌ട്രക്രിക്കറ്റ്‌ കൗണ്‍സില്‍ എന്നാണ്‌ ഐ സി സിയുടെ ചുരുക്കപ്പേര്‌ ഇനിമുതല്‍ അതിനെ ഇന്റര്‍ നാഷണല്‍ കൊമേഡിയന്‍സ്‌ ക്ലബ്‌ എന്നുമാറ്റിവിളിക്കേണ്ടിവരും.

ക്രിക്കറ്റുമായി പുലബന്ധമില്ലാത്തവരും കളിച്ചിട്ടില്ലാത്തവരുമാണല്ലോ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുനനത്‌. അതുമല്ല, കുറച്ച്‌ കമ്പ്യൂട്ടര്‍ വിദദ്ധര്‍ കൂടിയിരുന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നു. 2002-ല്‍ ക്രിക്കറ്റ്‌ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്‌ഡന്‍ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാനായി സച്ചിനെ തെരഞ്ഞെടുത്തിരുന്നു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനായിരുന്നു ഒന്നാമത്‌. ബ്രാഡ്‌മാന്‍ തയാറാക്കിയ 11 പേരുടെ ടീം ലിസ്റ്റിലും സച്ചിന്‍ പേരുകാരനായിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്‌. ലോകോത്തരതാരങ്ങളായ ഷെയ്‌ന്‍ വോണ്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്‌, ഗാരി സോബേഴ്‌സ്‌, റിക്കി പോണ്ടിംഗ്‌, ബ്രയാന്‍ ലാറ, വസിം അക്രം, ജെഫ്‌റി ബോയ്‌കോട്ട്‌ എന്നിവരെല്ലാം ഒരേ സ്വരത്തില്‍പറയുന്നു സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ സച്ചിനാണെന്ന്‌. ക്രിക്കറ്റിന്റെ ഏകദിന, ടെസ്റ്റ്‌ രൂപങ്ങളില്‍ ഒരുപോലെ തിളങ്ങിയ മറ്റൊരു താരത്തെ കരിയര്‍ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാനാവില്ല. 19 വര്‍ഷമായി അന്താരാഷ്‌ട്രക്രിക്കറ്റില്‍ മികവു തെളിയിക്കുന്ന ഈ താരം ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ നിരൂപകരുടേയും ആസ്വാദകരുടെയും വിലയേറിയ ഉത്‌പന്നമാണ്‌. അദ്ദേഹത്തിന്റെ കേളീ ശൈലിയും സാങ്കേതികതയും ഇഴകീറി പരിശോധിക്കുന്നവര്‍ക്ക്‌ പോലും പിഴവുകള്‍ കണ്ടെത്താനാവില്ലെന്ന വിവരം സമ്മതിക്കുന്നു. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞമാസം സച്ചിന്റെ ബാറ്റിംഗ്‌ മികവില്‍ ഇന്ത്യയില്‍വച്ചു നേടിയ ടെസ്റ്റ്‌ പരമ്പരയ്‌ക്കു ശേഷം ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ സച്ചിനെ വാഴ്‌ത്തിയത്‌ യഥാര്‍ഥ ജീനിയസ്‌ എന്നായിരുന്നു.

പന്തയ വിവാദം ലോക ക്രിക്കറ്റിനെ ആകെ പിടിച്ചു കുലുക്കിയപ്പോള്‍ ലോകക്രിക്കറ്റില്‍ അക്കാലത്ത്‌ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരായി വിലസിയിരുന്ന മിക്കവരും ഇളിഭ്യരായി തലകുമ്പിട്ടപ്പോഴും തല ഉയര്‍ത്തിനിന്ന ഒരേ ഒരു താരം സച്ചിനായിരുന്നു. ഈ നേട്ടങ്ങളൊന്നും ഐ സി സി പരിഗണിച്ചില്ലെന്നു മാത്രമല്ല, ലാറയും സച്ചിനുമടക്കമുള്ളവരെ ബഹുമാനിക്കുകപോലും ചെയ്‌തില്ല എന്നതാണ്‌ സത്യം. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറിയും റണ്‍സും നേടിയ സച്ചിന്‍ എന്തുകൊണ്ട്‌ ലോകത്തിലെ മികച്ച ക്രിക്കറ്റ്‌ താരങ്ങളില്‍ ഇടം നേടാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഉത്തരം പരിശോധിച്ചാല്‍ ഒന്നു മനസിലാകും. ഇന്ത്യന്‍ ക്രിക്കറ്റിനോടും സച്ചിനോടും ഐ സി സി പുലര്‍ത്തിയിരുന്ന സമീപനം എന്നും നിഷേധാത്മകമായിരുന്നു എന്ന്‌. ക്രീസിലും പുറത്തും തികഞ്ഞ മാന്യത പുലര്‍ത്തുന്ന അദ്ദേഹത്തിനെതിരേ പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണവുമായായിരുന്നു ആദ്യം ഐ സി സി രംഗത്തെത്തിയത്‌. എന്നാല്‍, ആരോപണം അബദ്ധമായി എന്നവിലയിരുത്തലില്‍ അവര്‍ ഇളിഭ്യരാവുകയാണുണ്ടായത്‌. പിന്നീട്‌ ലോക ഒന്നാം നമ്പര്‍ ആകാന്‍ പ്രകടനമികവില്‍ പലപ്പോഴും സച്ചിന്‌ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, നിരവധി തവണ ഐ സി സിയുടെ ഏകദിന, ടെസ്റ്റ്‌ ക്രിക്കറ്റ്‌ റേറ്റിംഗില്‍ സച്ചിനെ പുറന്തള്ളി.

ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റ്‌ ചരിത്രത്തിലെതന്നെ മികച്ച ഇന്നിംഗ്‌സില്‍ ഒന്നിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ച ചെന്നൈ ടെസ്റ്റിനു ശേഷവും സച്ചിന്റെ റേറ്റിംഗിന്‌ കാര്യമായ പുരോഗമനം ഉണ്ടായില്ല. പലപ്പോഴും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വെള്ളക്കാരനായ താരത്തിന്‌ ശിക്ഷയില്‍ ഇളവുലഭിച്ചിരുന്നു. എന്നാല്‍ ഉപഭൂഖണ്‌ഡത്തിലെ താരങ്ങള്‍ പലവട്ടം ചെറിയ കുറ്റങ്ങള്‍ക്കു പോലും വന്‍ പിഴവുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു . ക്രിക്കറ്റ്‌ പഠിക്കുന്നവര്‍ക്ക്‌ സച്ചിന്‍ യൂണിവേഴ്‌സിറ്റിയാണ്‌, നിരൂപകര്‍ക്ക്‌ റഫറന്‍സ്‌, കാഴ്‌ചക്കാര്‍ക്ക്‌ ആവേശം, ആരാധകര്‍ക്ക്‌ ദൈവം. അതാണ്‌ സച്ചിന്‍. ഒരു ഐ സിസിയുടെയും മാര്‍ക്ക്‌ വേണ്ട, സച്ചിന്റെ മികവ്‌ തിട്ടപ്പെടുത്താന്‍. ഇത്രയും കാലം ലോകക്രിക്കറ്റിന്‌ അദ്ദേഹം സംഭാവന മാത്രം മതി ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ സച്ചിന്‍ ലോകക്രിക്കറ്റില്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാന്‍.


വീ ഓള്‍ വിത്ത്‌ യു.. സച്ചിന്‍, യു ആര്‍ ദി ഗ്രേറ്റസ്റ്റ്‌ എവര്‍. ലോകത്തിലെ മികച്ച ടെസ്റ്റ്‌ ബാറ്റ്‌സാമാന്‍മാരുടെ പട്ടികയില്‍ സച്ചിനില്ല എന്നവാര്‍ത്ത പുറത്തുവന്ന ഉടനെ ചെന്നൈയിലെ തെരുവില്‍ ഉയര്‍ന്ന ബാനറിലെ വാചകമാണിത്‌. ഇതുതന്നെയാണ്‌ ഓരോ ഇന്ത്യക്കാരന്റെയും അഭിപ്രായം. സച്ചിന്‍, യു ആര്‍ ദി ഗ്രേറ്റസ്റ്റ്‌.

Wednesday, December 31, 2008

sports 2008


  • സുവര്‍ണ പതക്കങ്ങളുടെ 2008


സി.കെ. രാജേഷ്‌കുമാര്കായിക ലോകത്ത്‌ വര്‍ണങ്ങള്‍ വാരിപ്പുതപ്പിച്ചാണ്‌ 2008 പടിയിറങ്ങുന്നത്‌. ചരിത്രം വിജയിക്കുന്നവരുടേതാണെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു 2008ലെ ഓരോ സംഭവങ്ങളും. വിജയിച്ചവരുടെ ആ ഹ്‌ളാദവും പരാജയപ്പെട്ടവരുടെ കണ്ണീരും 2008-നെ സംഭവബഹുലമാക്കി. ലോകകായികമേളയായ ഒളിമ്പിക്‌സില്‍ ചൈന ചരിത്രം കുറിച്ച മുഹൂര്‍ത്തമായിരുന്നു 200 8-ല്‍ കായിക ലോകത്തെ സുന്ദരമായ കാഴ്‌ച. ഓഗസ്റ്റില്‍ നട ന്ന ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ 51 സ്വര്‍ണവുമായി ചൈന ച രിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനക്കാരായി. 21 വെള്ളിയും 28 വെങ്കലവും അവര്‍ നേടി. ഒളിമ്പിക്‌സില്‍ എല്ലാക്കാലവും ആ ദ്യസ്ഥാനക്കാരായിരുന്ന അമേരിക്കയുടെ കുതിപ്പിന്‌ തടയിട്ടുകൊണ്ടാണ്‌ ചൈന ലോക കായിക ശക്തിയായത്‌. 36 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവുമാണ്‌ അമേരിക്കയ്‌ക്ക്‌ ലഭിച്ചത്‌. 100 മീറ്ററിലും 200 മീറ്ററിലും 4ഃ100 മീറ്റര്‍ റിലേയിലും ലോകറിക്കാ ര്‍ഡോടെ സ്വര്‍ണം നേടിയ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടും പോള്‍വോള്‍ട്ടില്‍ റിക്കാര്‍ഡുകള്‍ തകര്‍ക്കാ ന്‍ വേണ്ടി മാത്രം മത്സരിക്കുന്ന റഷ്യന്‍ താരം യലേന ഇസിന്‍ ബയേവയും നീന്തല്‍ക്കുളത്തില്‍ നിന്ന്‌ എട്ടു സ്വര്‍ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സുമായിരുന്നു ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിന്റെ താ രങ്ങള്‍. ഒളിമ്പിക്‌സ്‌ ഇത്തവണ ഇ ന്ത്യക്ക്‌ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്‌തമായി നേട്ടങ്ങള്‍കൊണ്ടുവന്നു. അഭിനവ്‌ ബിന്ദ്ര എന്ന പഞ്ചാബുകാരനായ ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഒളിമ്പിക്‌ സ്വപ്‌നങ്ങള്‍ക്ക്‌ തിലകം ചാര്‍ത്തി. 10 മി. എയര്‍ റൈഫിള്‍ വിഭാഗത്തി ല്‍ ബിന്ദ്ര ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി. 1980-നു ശേഷം ആ ദ്യമായാണ്‌ ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്‌. 66 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തി വിഭാഗത്തില്‍ സുശീല്‍കുമാറിനും ബോക്‌സിംഗില്‍ വിജേന്ദര്‍ കുമാറിനും വെങ്കലം നേടാനായത്‌ ഇന്ത്യക്ക്‌ മധുരതരമായ നേട്ടങ്ങളായി. ക്രിക്കറ്റ്‌ ലോകത്ത്‌ ഓസ്‌ട്രേലിയന്‍ പ്രതാപത്തിനുള്ള തിരിച്ചടികളാണ്‌ ഈ വര്‍ഷം ഞെട്ടലോടെ ശ്രവിച്ച സുപ്രധാന വാര്‍ത്തകള്‍. ആദ്യം ഇന്ത്യയും പിന്നീട്‌ ദക്ഷിണണാഫ്രിക്കയും ഓസീസിനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്‌ചയ്‌ക്കാണ്‌ 2008 സാക്ഷ്യം വഹിച്ചത്‌. കഴിഞ്ഞ ഒരാഴ്‌ചയായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രി ക്ക നേടിയ ചരിത്രവിജയം ക്രിക്കറ്റ്‌ ലോകത്തെ സുപ്ര ധാന വാര്‍ത്തയായി. ടെസ്റ്റ്‌, ഏകദിനങ്ങളില്‍ ധോണിയുടെ നേതൃത്വത്തിന്‍ കീഴില്‍ നേടിയ വിജയത്തിലൂടെ ഇന്ത്യ ക്രിക്കറ്റിലെ പുതിയ ശക്തിയായി വളരുന്നതു കാണുന്നതിനും 2008-നായി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പുതിയചരിത്രം എഴുതിച്ചേര്‍ത്തതാണ്‌ 2008-ല്‍ ഇന്ത്യന്‍ കായിക രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്‌ത മറ്റൊരു വിഷയം. 2008 ഒക്‌ടോബര്‍ 17-നാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന നേട്ടം കൈവരിച്ചത്‌. വെസ്റ്റിന്‍ഡീസ്‌ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പന്തീരായിരവും ഏകദിനത്തില്‍ പതിനാറായിരവും റണ്‍സ്‌ സച്ചിന്‍ തികച്ചത്‌ ഈ വര്‍ഷമാണ്‌. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ രണ്ടു പേ രായ സൗരവ്‌ഗാംഗുലിയും അ നില്‍ കുംബ്ലെയും അന്താ രാഷ്‌ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്‌ 2008- ന്റെ നഷ്‌ടങ്ങളായി. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റില്‍ 2008-ന്റെ താരം എന്നു വിശേഷിപ്പിക്കാവുന്ന കളിക്കാരന്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒരുപോലെ കഴിവു തെളിയിച്ച ഗൗതം ഗംഭീറാണ്‌. ഗൗതം ഗംഭീറിലൂടെ ഇന്ത്യക്ക്‌ ലഭിച്ചത്‌ വിശ്വസ്‌തനായ ഒരു ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനെയാണ്‌. കായികലോകത്ത്‌ എടുത്തു പറയേണ്ട മറ്റൊരാള്‍ ചെസ്‌താരം വിശ്വനാഥന്‍ ആനന്ദാണ്‌. ലോകചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണ കിരീടമണിഞ്ഞ ആനന്ദ്‌ ഇന്ത്യക്ക്‌ അഭിമാനമായി. ബോണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വ്‌ളാദിമിര്‍ ക്രാംനിക്കിനെ മറികടന്നാണ്‌ ആനന്ദ്‌ വീണ്ടും ചാമ്പ്യ നായത്‌. ബില്യാഡ്‌സില്‍ ഇന്ത്യ യുടെ പങ്കജ്‌ അഡ്വാനിയുടെ മു ന്നേറ്റം ഈ വര്‍ഷവും തുടര്‍ന്നു. പോയിന്റ്‌ ഫോര്‍മാറ്റിലും ടൈം ഫോര്‍മാറ്റിലുമുള്ള ലോക കിരീടങ്ങള്‍ പങ്കജ്‌ അഡ്വാനിക്കായിരുന്നു. ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ സെ ന്‍സേഷന്‍ സെയ്‌ന നെഹ്‌വാള്‍ ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കിയത്‌ ഇന്ത്യക്ക്‌ 2008-ല്‍ അഭിമാനിക്കത്തക്കതായ മറ്റൊരു നേട്ടമായി. ലോകറാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടാനും സെയ്‌നയ്‌ക്കായി. ഒളിമ്പിക്‌ സില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സെയ്‌ന സ്വന്തമാ ക്കി. ടെന്നീസ്‌ ലോകത്ത്‌ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്ത പീറ്റ്‌ സാംപ്രസിനു ശേഷം ടെന്നീസ്‌ ലോകം കണ്ട്‌ മികച്ച താരമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററുടെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ട്‌ സ്‌പെയിന്റെ റാഫേല്‍ നദാല്‍ കഴിവുതെളിയിച്ചതാണ്‌. വിംബിള്‍ഡണിലും ഫ്രഞ്ച്‌ ഓപ്പണിലും ഒളിമ്പിക്‌സിലും നദാല്‍ വിജയിയായി. ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ കിരീടം ചൂടിയതാണ്‌ 2008-ല്‍ ടെന്നീസ്‌ ലോകത്തുനിന്നുള്ള ഇന്ത്യയുടെ ഏക നേട്ടം. ടെന്നീസ്‌ സെന്‍സേഷന്‍ സാനിയ മിര്‍സ റാങ്കിംഗില്‍ വളരെ താഴേക്കു പോയതും ഈ വര്‍ഷമാണ്‌. ഫുട്‌ബോള്‍ രംഗത്തുനിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത യൂറോ കപ്പിന്റേതാണ്‌. സ്‌പെയിനാണ്‌ 2008-ലെ യൂറോ ചാമ്പ്യന്‍മാര്‍. ജര്‍മനിയെ തോല്‍പ്പിച്ചാണ്‌ സ്‌പെയിന്‍ കിരീടം ചൂടിയത്‌. ഫിഫയുടെ ലോകഫുട്‌ബോളര്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ച പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാ ള്‍ഡോ 2008-ലെ ഫുട്‌ബോള്‍ താരമായി. ഏഷ്യാകപ്പ്‌ ഫുട്‌ബോളിനു ഇന്ത്യ യോഗ്യത നേടിയതാണ്‌ 2008-ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തിളക്കമാര്‍ന്ന നേട്ടം. എ.എഫ്‌.സി ചലഞ്ച്‌ കപ്പില്‍ താജിക്കിസ്ഥാനെ 4-0-ന്‌ മറികടന്ന്‌ ഏഷ്യയിലെ 16 പ്രമുഖ ടീമില്‍ ഒന്നാകാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. സുനില്‍ ഛേത്രിയുടെ ഹാട്രിക്‌ മികവിലാണ്‌ ഇന്ത്യ വിജയിച്ചത്‌. ഫുട്‌ബോള്‍ ഇതിഹാസം അര്‍ ജന്റീനയുടെ ഡീഗോ മാറഡോണ കോല്‍ക്കത്തയിലെത്തിയത്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഇന്ത്യന്‍ ഫുട്‌ബോളിനും കരുത്തേകി. സ്‌ത്രീകളുടെ എ.ഐ.ബി.എ ബോക്‌സിംഗ്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം കിരീടം ചൂടിയത്‌ അവിസ്‌മരണീയ നേട്ടമായി. ഫോര്‍മുല 1 ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ്‌ ഹാമില്‍ട്ടണ്‍ കിരീടം ചൂടിക്കൊണ്ട്‌ ഏറ്റവും പ്രായം കുറഞ്ഞ താരമാകുന്നതും 20 08-ലാണ്‌. ഇന്ത്യന്‍ ഗോള്‍ഫ്‌ പ്രതീക്ഷയായ ജീവ്‌ മില്‍ഖാ സിംഗ്‌ ഏഷ്യ യിലെ മിന്നും താരമായതും ലോകറാങ്കിംഗില്‍ 36-ാം സ്ഥാനത്തെത്തിയതും 2008-ലാണ്‌. വരും വര്‍ഷങ്ങളില്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ പ്രസക്തമാകുമെന്ന സൂചനയാണ്‌ 2008 നല്‍കുന്നത്‌.

news makers


2008 കാലത്തിന്റെ തിരശീലയ്‌ക്കു പിന്നിലേക്ക്‌ മറയുമ്പോള്‍ സ്‌മരിക്കപ്പെടുന്നത്‌ പലവ്യക്തിത്വങ്ങളാണ്‌. ചരിത്രം സൃഷ്‌ടിച്ചവരും സൃഷ്‌ടിക്കപ്പെടേണ്ടവരുമായി നിരവധിപേര്‍ 2008 തങ്ങളുടേതാക്കിമാറ്റി. ദേശീയ അന്താരാഷ്‌ട്ര രംഗത്ത്‌ 2008-ല്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരായ ചിലരെ ഇവിടെ പരാമര്‍ശിക്കുന്നു.

ജി. മാധവന്‍നായര്‍

അന്താരാഷ്‌ട്ര ബഹിരാകാശരംഗത്ത്‌ സമീപകാലത്ത്‌ ഇന്ത്യയുടെ മുന്നേറ്റം അസൂയാവഹവും ഉന്നതവുമാണ്‌. ഈ മുന്നേറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മലയാളിയായ ജി. മാധവന്‍ നായര്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ സ്വപ്‌നപദ്ധതിയായ ചാന്ദ്രയാന്റെ വിജയകരമായ ദൗത്യത്തില്‍ മാധവന്‍നായരുടെ ഇടപെടീല്‍ നിര്‍ണായകമായി. പലപ്രതിസന്ധിയെയും അതിജീവിച്ച്‌ ഒക്‌ടോബര്‍ 22 ബുധനാഴ്‌ചയായിരുന്നു ചാന്ദ്രയാന്‍-1 പേടകവും വഹിച്ചുകൊണ്ട്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന്‌ പി എസ്‌ എല്‍ വി റോക്കറ്റ്‌ ബഹിരാകാശത്തേക്ക്‌ കുതിച്ചത്‌. 2015-ല്‍ ചന്ദ്രനില്‍ ഇന്ത്യ മനുഷ്യനെ ഇറക്കുമെന്നാണ്‌ മാധവന്‍ നായര്‍ ഉറപ്പുനല്‍കുന്നത്‌. അതിനുള്ള ആര്‍ജവവും കഴിവും നമ്മുടെ ബഹിരാകാശ ഗവേഷണരംഗത്തിന്‌ ഇന്നുണ്ട്‌. ചാന്ദ്രയാന്‍-1 പദ്ധതി ഡയറക്‌ടാറായിരുന്നത്‌ മൈല്‍സ്വാമി അണ്ണാ ദുരൈ എനന ശാസ്‌ത്രജ്ഞനായിരുന്നു. 2003-ലാണ്‌ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്‌ ഭാരത സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നത്‌.

രത്തന്‍ ടാറ്റ

2008-ല്‍ വാര്‍ത്തകളില്‍ ഇടംനേടിയ മറ്റൊരു പ്രമുഖ വ്യക്തിത്വമാണ്‌ ടാറ്റ എന്ന ഇന്ത്യയിലെ വന്‍കിട വ്യാപാര ശൃഖലയുടെ മേധാവി രത്തന്‍ ടാറ്റ. ബ്രിട്ടനിലെ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയെ വാങ്ങിക്കൊണ്ട്‌ ഈ രംഗത്തെ ടാറ്റയുടെ അപ്രമാദിത്തം തെളിയിച്ചത്‌ 2008 മാര്‍ച്ച്‌ 26-നായിരുന്നു. ഏതാണ്ട്‌ 2.3 ബില്യണ്‍ ഡോളറിനാണ്‌ ജഗ്വാര്‍& ലാന്‍ഡ്‌ റോവര്‍ കമ്പനിയില്‍നിന്ന്‌ ഫോര്‍ഡിനെ ടാറ്റ സ്വന്തമാക്കിയത്‌. സാധാരണക്കാരുടെ കാര്‍ എന്ന വിശേഷണവുമായി ടാറ്റ അവതരിപ്പിച്ച നാനോയുടെ പ്രദര്‍ശനവും രത്തന്‍ ടാറ്റ ഈ വര്‍ഷം നടത്തി. ഒരു ലക്ഷം രൂപയ്‌ക്ക്‌ കാര്‍ അതാണ്‌ ടാറ്റ മുന്നോട്ടുവച്ചത്‌. നേരത്തെ ബംഗാളില്‍ തുടങ്ങാന്‍ തീരുമാനിച്ച നാനോ പദ്ധതി തൊഴില്‍, സ്ഥലപ്രശ്‌നം നിമിത്തം ഗുജറാത്തിലേക്ക്‌ മാറ്റുകയായിരുന്നു. ടാറ്റയുടെ സ്വന്തമായ രാജ്യത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ ടാജില്‍ പാക്ക്‌ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന്‌ പ്രവര്‍ത്തനം അവതാളത്തിലായി എങ്കിലും ഏതാനും ദിവസത്തിനുള്ളില്‍തന്നെ പ്രൗഢിയോടെ ടാജിനെ രാജ്യത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ ഈ വന്‍കിട വ്യവസായിക്കുകഴിഞ്ഞു.

പി. ചിദംബരം

ഇന്ത്യയില്‍ പലപ്പോഴായി ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്‌ യു പി എ ഗവണ്‍മെന്റിന്റെ മറുപടിയായിരുന്നു പി. ചിദംബരം. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീലിന്റെ പകരക്കാരനായാണ്‌ ചിരംബരം ആ പദവി ഏറ്റെടുത്തത്‌. ആഭ്യന്തരമന്ത്രിസ്ഥാനത്ത്‌ ശിവരാജ്‌പാട്ടീലിന്‌ ഏറെ പഴി കേള്‍ക്കേണ്ടിവന്നു. ധനകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ചിരംബരം ആഭ്യന്തരമന്ത്രി എന്നനിലയിലും ഭേദപ്പെട്ട പ്രകടനം കാച്ചവച്ചുകൊണ്ടിരിക്കുകയാണ്‌ ഇപ്പോള്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിന്‌ ചിദംബരത്തിന്റെ ഇടപെടീലുകള്‍ എത്രത്തോളം ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ്‌ നിരീക്ഷകര്‍.

മന്‍മോഹന്‍സിംഗ്‌

ചരിത്രപ്രാധാന്യം നേടിയ ഇന്ത്യ-അമേരിക്ക ആണവകരാര്‍ സാധ്യമാക്കുന്നതില്‍ പ്രവര്‍ത്തിച്ചവരില്‍ ആദ്യപേരുകാരന്‍ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍സിംഗാണ്‌. തദ്ദേശീയമായ വലിയ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടാണ്‌ അദ്ദേഹവും സര്‍ക്കാരും കരാര്‍ സാധ്യമാക്കിയത്‌. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം യു പി എ സര്‍ക്കാരിനു പിന്തുണപിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അദ്ദേഹത്തിനുസാധിച്ചുവെന്നതും രാഷ്‌ട്രീയമായി മന്‍മോഹന്റെ വിജയമാണ്‌. തെളിവുകളുടെ വെളിച്ചത്തില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥനാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയും അതിനെതിരേ കൈക്കൊണ്ട നടപടികളും പ്രശംസ നേടി.

സോണിയാ ഗാന്ധി

ആണവകാര്‍ പ്രശ്‌നത്തിലും തുടര്‍ന്ന്‌ പിന്തുണനഷ്‌ടപ്പെട്ട സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിലും യു പി എ സോണിയാഗാന്ധിനടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടു. എന്നാല്‍,സോണിയാ ഗാന്ധിയെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ ഏറ്റവുംവലിയ വിജയം ആറുസംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മിസോറാമിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്‌ ഭരണം തിരിച്ചുപിടിക്കുന്നതിനും ഡല്‍ഹിയില്‍ ഭരണം നിലനിര്‍ത്തുന്നതിനും സാധിച്ചു എന്നതാണ്‌. അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഇത്‌ ഗുണകരമായേക്കാം.

എല്‍.കെ. അഡ്വാനി

ഏപ്രില്‍ മേയ്‌ മാസങ്ങളില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി നേതാവ്‌ എല്‍. കെ. അഡ്വാനിയെ തെരഞ്ഞെടുത്തത്‌ 2008-ലാണ്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തകേസില്‍കുറ്റാരോപിതനായ അഡ്വാനിയെ ആദ്യമായാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ബി ഏജ പി ഉയര്‍ത്തിക്കാട്ടുന്നത്‌. വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത്‌ എന്‍ ഡി എയിലെ കക്ഷികളായിരുന്ന പലരും സഖ്യം വിട്ടു. തെലുങ്കു ദേശവും എ ഐ എഡി എം കെയും ഉദാഹരണം ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കസേര സ്വപ്‌നം കാണുന്ന അഡ്വാനിക്ക്‌ പുതിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കില്‍മാത്രമേ സ്വപ്‌നം പൂവണിയൂ. മലേഗാവ്‌ സ്‌ഫോടനത്തില്‍ ഹിന്ദു സംഘടനകളുടെ പങ്ക്‌ വെളിപ്പെട്ട പശ്ചാത്തലത്തില്‍ അഡ്വാനി ആദ്യം മൗനം പാലിച്ചതും പിന്നീട്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ പറഞ്ഞതും 2008 ചര്‍ച്ച ചെയ്‌തു.

ഹേമന്ദ്‌ കര്‍ക്കറെ

നവംബര്‍ 26 -ന്‌ നടന്ന രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച എ ടി എസ്‌ തലവനാണ്‌ ഹേമന്ദ്‌ കര്‍ക്കറെ. തദ്ദേശീയവും വിദേശീയവുമായ ഭീകരവാദപ്രവര്‍ത്തനങ്ങളെ സധൈര്യം നേരിട്ട കാര്‍ക്കറെയുടെ മരണം ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍ക്ക്‌ തീരാനഷ്‌ടമാണ്‌. മലേഗാവ്‌ സ്‌ഫോടനത്തില്‍ ഹിന്ദു ഭീകരവാദ സംഘടനകളുടെ പങ്ക്‌ കണ്ടെത്തിയത്‌ കര്‍ക്കറെയായിരുന്നു. ഭീകരരെ നേരിടുന്നതിനിടയില്‍ നവംബര്‍ 26-നാണ്‌ കര്‍ക്കറെ ഭീകരരുടെ വെടിയേറ്റ്‌ മരിച്ചത്‌.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പുതിയചരിത്രം എഴുതിച്ചേര്‍ത്തതാണ്‌ 2008-ല്‍ ഇന്ത്യന്‍ കായിക രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്‌ത വിഷയം. 2008 ഒക്‌ടോബര്‍ 17-നാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന നേട്ടം കൈവരിച്ചത്‌. വെസ്റ്റിന്‍ഡീസ്‌ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പന്തീരായിരവും ഏകദിനത്തില്‍ പതിനാറായിരവും റണ്‍സ്‌ സച്ചിന്‍ തികച്ചത്‌ ഈ വര്‍ഷമാണ്‌.

അഭിനവ്‌ ബിന്ദ്ര

ഇന്ത്യയുടെ ഒളിമ്പിക്‌സ്വപ്‌നങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട്‌ അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്‌ ഈ വര്‍ഷമാണ്‌. 10 മി. എയര്‍ റൈഫിള്‍ വിഭാഗത്തിലാണ്‌ ബിന്ദ്ര ഇന്ത്യയ്‌ക്കു വേണ്ടി സ്വര്‍ണം നേടിയത്‌. 1980-നു ശേഷം ആദ്യമായാണ്‌ ഇന്ത്യ ഒളിമ്പിക്‌സില്‍സ്വര്‍ണം നേടുന്നത്‌. പഞ്ചാബ്‌ സ്വദേശിയായ ബിന്ദ്രയുടെ നേട്ടം ഇന്ത്യയ്‌ക്കാകെ അഭിമാനകരമാണ്‌.


രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഷീലാ ദീക്ഷിദും ലോക ചെസ്‌ കിരീടം ഒരിക്കല്‍കൂടി സ്വന്തമാക്കിയ വിശ്വാനാഥന്‍ ആനന്ദും ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യക്കാരനായ അരവിന്ദ്‌ അഡിഗയും അന്താരാഷ്‌ട്രക്രിക്കറ്റില്‍നിന്നു വിരമിച്ച സൗരവ്‌ഗാംഗുലിയും അനില്‍ കുംബ്ലെയും ലോക സുന്ദരി മത്സരത്തില്‍ രണ്ടാംസ്ഥാനക്കാരിയായി തെരഞ്ഞെടുക്കപ്പെ മലയാളിയായ പാര്‍വതി ഓമനക്കുട്ടനും വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിത്വങ്ങളാണ്‌. 2008-ല്‍ പേജ്‌-3 കോളങ്ങളില്‍ തിളങ്ങിയ രണ്ടു പേരായിരുന്നു ബോളിവുഡ്‌ താരങ്ങളാണ്‌ ഷാരൂഖ്‌ ഖാനും അമീര്‍ഖാനും ഇരുവരുടേയും സിനിമകളുമായി ബന്ധപ്പെട്ടുള്ള പല പ്രസ്‌താവനകളും മിക്ക ദിവസങ്ങളിലും പേജ്‌-ത്രീ നിറയ്‌ക്കുന്ന വാര്‍ത്തകളായിരുന്നു.

Friday, December 26, 2008

ഭരത്‌ഗോപി
സി. കെ. രാജേഷ്‌കുമാര്
‍സിനിമയുടെ വിശാലമായ ക്യാന്‍വാസില്‍ അഭിനയചാരുതയുടെ ഉദാത്തമാതൃകസൃഷ്‌ടിച്ച അഭിനയപ്രതിഭയുടെ ജീവചൈതന്യത്തിന്‌ കൊടിയിറക്കമാകുമ്പോള്‍ മലയാളിക്കും നഷ്‌ടപ്പെടുന്നത്‌ ഇന്ത്യന്‍ സിനിമയിലെ ഉദാഹരണങ്ങളില്ലാത്ത അഭിനയപ്രതിഭയെ. മലയാളസിനിമയില്‍ സാങ്കേതികതികവുള്ള നടന്മാരില്‍ ഏറെമുന്നിലാണ്‌ ഭരത്‌ഗോപി. ശൈലീകൃതമായ അഭിനയത്തിന്റെ വക്താവാണ്‌ ഭരത്‌ ഗോപി. ഇതാവട്ടെ പ്രേക്ഷകരുടെ മനസില്‍ അഭിനയത്തിന്‌ പുതിയ നിര്‍വചനം നല്‍കി. മലയാളസിനിമയുടെ ഒരു പ്രത്യേക ദശാസന്ധിയില്‍ അഭ്രപാളിയുടെലോകത്ത്‌ ചേക്കേറിയ ഈ നടന്‍ മികച്ച സംവിധായകരുടെ കൈകളിലെ മികച്ച ഉപകരണമായി. അടൂര്‍ ഗോപാലകൃഷ്‌ണനും മോഹനും കെ ജി ജോര്‍ജും അവവിന്ദനുമൊക്കെ ഗോപിക്കുമാത്രം ചെയ്യാവുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ചു. മലയാളസിനിമയുടെ സുവര്‍ണകാലമെന്നറിയപ്പെടുന്ന എണ്‍പതുകള്‍ ഗോപിയുടെ ഉജ്വലകഥാപാത്രങ്ങള്‍കൊണ്ട്‌ സമ്പന്നമായിരുന്നു. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയും, കാറ്റത്തെക്കിളിക്കൂടിലെ ഷേക്‌സ്‌പിയര്‍കൃഷ്‌ണപിള്ള, യവനികയിലെ തബലിസ്റ്റ്‌ അയ്യപ്പന്‍, പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പ്‌, സന്ധ്യമയങ്ങും നേരത്തിലെ ജഡ്‌ജ്‌ തുടങ്ങിയ കഥാപാത്രങ്ങള്‍ അഭിനയകലയിലെ ഉജ്വലമായ ഭാവതലങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നവയായിരുന്നു. ഗോപിയുടെ കഥാപാത്രങ്ങള്‍ സാധാരണമനുഷ്യന്റെ വിവിധ അവസ്ഥകളെ നന്നായിമനസിലാക്കി.
നായകസങ്കല്‍പ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയ ഗോപി നായകന്റെ സൗന്ദര്യചിന്തകളെ തന്റെ വരുതിയിലേക്കടുപ്പിച്ചു. കഥാപാത്രത്തിന്റെ പുറത്തേക്കുവളരാതെ കഥാപാത്രത്തിനുള്ളിലേക്ക്‌ വളര്‍ന്ന ഗോപിയുടെ കഥാപാത്രങ്ങള്‍ അഭിനയവിദ്യാര്‍ഥികള്‍ക്ക്‌ എന്നും മുതല്‍ക്കൂട്ടാണ്‌. അഭിനയത്തിന്‌ വിഖ്യാത നടന്‍ സ്റ്റാന്‍സ്‌ലാവ്‌സ്‌കി നല്‍കിയ നിര്‍വചനം മലയാളി അനുഭവിച്ചത്‌ ഗോപിയിലൂടെയായിരുന്നു എന്നുപറയുന്നതില്‍ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. സിനിമാഭിനയം അതിഭാവുകത്വത്തിന്റേതെന്ന്‌ വിശ്വസിച്ചിരുന്ന ഒരുകാലത്ത്‌ മലയാളസിനിമയില്‍ വഴിമാറിസഞ്ചരിച്ച ഗോപി അനന്യമായ അഭിനയഭാഷയാണ്‌ മലയാളിക്ക്‌ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ വിഖ്യാതമായ കഥാപാത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതുമനസിലാകും. ഷേക്‌സ്‌പിയര്‍ കൃഷ്‌ണപിള്ളിയിലേക്കുവന്നാല്‍ അനായാസമായ അഭിനയം എന്തെന്ന്‌ മലയാളിക്കുകാണിച്ചുകൊടുത്തു. പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പാകട്ടെ ശൈലീകൃത അഭിനയത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമായി. കൊടിയേറ്റവും യവനികയും തമ്പും ചിദമ്പരവുമൊക്കെ സമ്മാനിച്ചത്‌ വിഭിന്നങ്ങളായ അഭിനയഭാഷകളാണ്‌. ശരീരത്തിന്റെ എല്ലാഭാഗങ്ങളും അഭിനയത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി ഇത്രയധികം ഉപയോഗിച്ച മറ്റൊരുനടനും നമ്മുക്കില്ല. കഥകളിയില്‍ ഗോപിയാശാന്‍ മനോധര്‍മ്മമാടിയെങ്കില്‍ സിനിമയില്‍ യഥാവിധി മനോധര്‍മ്മമാടിയ നടന്‍ ഗോപിയാണ്‌. അതിനേറ്റവും വലിയ ഉദാഹരണമാണ്‌ ജോണ്‍പോളിന്റെ തൂലികയില്‍ വിടര്‍ന്ന സന്ധ്യമയങ്ങും നേരത്തിലെ ജഡ്‌ജ്‌. എക്‌സന്‍ട്രിക്കായ ഒരു ന്യായാധിപന്റെ ചേഷ്‌ടകള്‍ ലോകസിനിമയില്‍തന്നെ ആരും കൈകാര്യം ചെയ്യാത്തതരത്തിലുള്ളതായി. കൊലശിക്ഷയ്‌ക്കു വിധിക്കുന്നതിനുമുന്‍പ്‌ ജഡ്‌ജിയുടെ മനോവ്യാപാരങ്ങളെ തന്മയത്വത്തോടെ അഭിനയിച്ചുഫലിപ്പിച്ചപ്പോള്‍ മലയാളി പ്രേഷകസമൂഹം അത്ഭുതംകൂറി. അദ്ദേഹം വില്ലനായെത്തിയ യവനികയിലെ അയ്യപ്പന്‍ എന്ന തബലിസ്റ്റ്‌ വില്ലനെന്ന സങ്കല്‍പ്പത്തിന്റെ പ്രതീകാത്മകബിംബമായിരുന്നു.
പ്രേക്ഷകരെന്ന നിലയില്‍ അതിലെ വില്ലനെ നാം അങ്ങയറ്റം വെറുത്തപ്പോള്‍ തബലിസ്റ്റിനെ ആരാധിച്ചു. അദ്ദേഹത്തിന്റെ അഭിനയജീവിത്തെ 1986-നു മുന്‍പും അതിനു ശേഷവുമുള്ള രണ്ടുകാഘട്ടമായി തിരിച്ചാല്‍ മികച്ച കഥാപാത്രങ്ങളെല്ലാം 86-നുമുന്‍പായിരുന്നെന്നു മനസിലാകും. വിധിവൈപരീത്യം പക്ഷാഘാതത്തിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തെ വേട്ടയാടിയപ്പോള്‍ അഭിനയം മതിയാക്കി മൂലയിലൊളിക്കാനായിരുന്നില്ല ഗോപി ശ്രമിച്ചത്‌. മറിച്ച്‌ അഭിനയത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം തിരിച്ചുവരവിനായി കൊതിച്ചു. പാഥേയത്തിലൂടെ ശക്തമായി തിരിച്ചുവന്ന ഗോപി പിന്നീട്‌ അഗ്നിദേവന്‍, രസതന്ത്രം. നിവേദ്യം തുടങ്ങിയസിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. മലയാളി ഒരിക്കല്‍ ഒരഭിമുഖത്തില്‍ പ്രശസ്‌ത നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ വിലയിരുത്തിയത്‌ മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടനാണെന്നാണ്‌. ജഗതി ശ്രീകുമാര്‍ വിലയിരുത്തുന്നത്‌ മയാളസിനിമയിലെ മികച്ച അഞ്ചുനടന്മാരില്‍ മുന്‍നിരയിലാണ്‌ ഗോപിയുടെ സ്ഥാനമെന്നാണ്‌. മലയാളസിനിമയില്‍ നിറഞ്ഞാടുന്ന രണ്ട്‌ അഭിനയശൈലികള്‍ ഒന്ന്‌ ഭരത്‌ ഗോപി പ്രതിനിധാനം ചെയ്യുന്ന ശൈലീകൃത അഭിനയവും മോഹന്‍ലാല്‍ പ്രതിനിധാനം ചെയ്യുന്ന സ്വാഭാവിക അഭിനയവുമാണ്‌.
ഇതില്‍ ശൈലീകൃതമായ അഭിനയശൈലി കൈകാര്യം ചെയ്യുന്ന നടന്മാര്‍ നിരവധിയുണ്ടായിരിക്കാം. എന്നാല്‍ അതില്‍നിന്നു വ്യത്യസ്‌തമായി കഥാപാത്രത്തിന്റെ സൂക്ഷ്‌മഭാവങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ കഥാപാത്രത്തിന്റെ വ്യവഹാരങ്ങളെ പരിചയപ്പെടുത്തിയ നടന്‍ ഇന്ത്യന്‍ സിനിമയിലില്ല. അതുകൊണ്ടാവാം ഗോപി സാങ്കേതികതികവാര്‍ന്ന നടന്‍ എന്നു വിലയിരുത്തപ്പെടുന്നത്‌. അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രങ്ങളും മികച്ച അക്കാദമിക്ക്‌ നിലവാരം പുലര്‍ത്തിയവയായിരുന്നു. ഇതില്‍ ഉത്സവപ്പിറ്റേന്നും യമനവും അവാച്യമായ സിനിമാഭിനയമാണ്‌ മലയാളിക്കുസമ്മാനിച്ചത്‌. ഇന്ത്യന്‍ സിനിമയില്‍ ഭരത്‌ ഗോപിയെപ്പോലൊരുനടന്‍ ഗോപി മാത്രമായിരുന്നു. നടന്മാരുടെ നടനായ അദ്ദേഹത്തിന്റെ വേര്‍പാട്‌ സുന്ദരവും ശൈലീകൃതവുമായ ഒരു അഭിനയസപര്യയുടെ അനവസരത്തിലുള്ള അവസാനമായി. കണ്ടുകൊതിതീരാത്ത ശൈലിയുടെ അവസാനം.

കേരളം ഒന്നാമതെത്തും


അനില സുന്ദരിയായിരുന്നു. കുടുംബത്തില്‍ സമ്പത്തും ധാരാളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആഡംബരത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. പഠിച്ചതും വളര്‍ന്നതും ബാംഗളൂരുള്ള ഹൈടെക്‌ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍. നഗരത്തില്‍ `ചുറ്റിയടിക്കാന്‍' വിവിധ ഫാഷനിലുള്ള ഒന്നിലധികം കാറുകള്‍. ജീവിതത്തിന്റെ ആഡംബരം എന്തെന്ന്‌ അവള്‍ ഓരോ അണുവിലും അറിഞ്ഞു. അനിലയെക്കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ അവളുടെ കൂട്ടുകാരി ലിന്റയോടു സംസാരിക്കണം. സംഭവം രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. ഇരുവരും ബയോടെക്‌നോളജിക്ക്‌ പഠിക്കുന്ന സമയം. നിരവധി ആണ്‍സുഹൃത്തുക്കള്‍ അവള്‍ക്കുണ്ടായിരുന്നു. ഇവരുമായി ചില അവിഹിത ബന്ധങ്ങളില്‍ അനിലയ്‌ക്കുണ്ടായിരുന്നുവെന്നു ലിന്റ സമര്‍ഥിക്കുന്നു. അനിലയെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ലിന്റ തയാറായി. അനില തുടര്‍ന്നു.. ``24 വയസിനിടെ ബാംഗളൂരില്‍വച്ച്‌ അനില നാലുപ്രാവശ്യം ഗര്‍ഭഛിദ്രത്തിനു വിധേയയായതായി എനിക്കറിയാം. ഓരോ പ്രവശ്യവും അടിവയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചിട്ടു വരുമ്പോഴും അവളില്‍ യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവം. പലവട്ടം ഉപദേശിച്ചു നോക്കി. യാതൊരുഫലവുമുണ്ടായില്ല. ഒടുവില്‍ വിവരം ഒറ്റപ്പാ ലത്തുള്ള അനിലയുടെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ മകളുടെ കാര്യത്തില്‍ വലിയ ശ്രദ്ധകൊടുക്കുന്ന ഒരു അച്ഛനെയും അമ്മയെയും അവിടെ കാണാനായില്ല. ഏതാണ്ട്‌ രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കോളജ്‌ പഠനം പൂര്‍ത്തിയാക്കുന്നതിനൊരുമാസം മുമ്പ്‌ അനില മുറിക്കുള്ളില്‍ വല്ലാത്തൊരുമാനസികാവസ്ഥയില്‍ കാണപ്പെട്ടു. വിവരം അന്വേഷിച്ച എന്നെ അവള്‍ ആക്രമിക്കാനൊരുങ്ങി. ഞാന്‍ ഓടി മാറുകയാണുണ്ടായത്‌. അന്നു വൈകുന്നേരം മുറിയിലെത്തിയ അവള്‍ ഉണ്ടായ സംഭവങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. ചെയ്‌ത കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞുകൊണ്ട്‌ അവള്‍ വിതുമ്പി. ഒടുവില്‍ കോളജ്‌ വിട്ടു ഞങ്ങള്‍ പിരിയുമ്പോള്‍ ഉണ്ടായ വിവരങ്ങള്‍ ആരോടും പറയല്ലെ എന്നവള്‍ അപേക്ഷിച്ചു''. പിന്നീടൊരിക്കലും ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്ന്‌ ലിന്റ പറയുന്നു. കേരളമെന്ന ``ഠ'' വട്ടത്തില്‍ ഉണ്ടാകുന്ന ഗര്‍ഭഛിദ്രങ്ങളുടെ പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്‌. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ സാഹചര്യം തികച്ചും ഭിന്നമാണ്‌. പെണ്‍കുഞ്ഞായി പിറന്നാലുണ്ടാകുന്ന വിഷമതകള്‍ അകറ്റുന്നതിനാണ്‌ അവിടങ്ങളില്‍ കൂടുതലായി ഗര്‍ഭഛിദ്രം നടത്തുന്നത്‌. അവരെ വളര്‍ത്തുന്നതിനുള്ള സാമ്പത്തികമില്ലായ്‌മ, പെണ്‍കുട്ടികളെക്കുറിച്ചുള്ള മോശമായ ധാരണകള്‍, തെറ്റായ സാമൂഹിക പരിഗണനകള്‍ ഇവയൊക്കെയാണു ഗര്‍ഭഛിദ്രത്തിന്‌ മാതാവിനെ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍,കേരളത്തെ സംബന്ധിച്ച്‌ ഈ കാരണങ്ങള്‍ ഡോക്‌ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും അപ്പാടെ തള്ളുകയാണ്‌. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു മുതിര്‍ന്ന ഡോക്‌ടര്‍ പറയുന്നതനുസരിച്ചു പെണ്‍കുട്ടികളാണ്‌ ഉദരത്തില്‍ പിറന്നിട്ടുള്ളത്‌ എന്ന കാരണത്താല്‍ കേരളത്തില്‍ ഒരു ഗര്‍ഭഛിദ്രംപോലും നടക്കുന്നില്ല. നമ്മുടെ സാമൂഹികപശ്ചാത്തലം അത്തരത്തിലുള്ളതല്ല. ജീവിതനിലവാരവും വേഗത്തിലുള്ള ജീവിത ക്രമവുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ലൈംഗികതയോടുള്ള അമിതഭ്രമവും ഒരു കാരണമാണ്‌. `ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തില്‍ കേരളത്തില്‍ പ്രതിവര്‍ഷം നാലുലക്ഷം നിഷ്‌കളങ്കജീവിതത്തെ കശാപ്പുചെയ്യുന്നുണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. സ്വകാര്യആശുപത്രികളാണ്‌ `കൊലപാതകങ്ങള്‍' കൂടുതലായി നടക്കുന്നത്‌. അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. അസന്മാര്‍ഗിക ഇടപെടലുകളിലൂടെ സംഭവിച്ച 'നാണക്കേടിനെ' ഇല്ലായ്‌മ ചെയ്യാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്‌ ഇത്തരം സ്ഥാപനങ്ങളെയാണ്‌. ഈയിടെവന്ന ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്നതില്‍ നാലാം സ്ഥാനത്താണു കേരളം. 1996-ലെ പഠനത്തില്‍ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാം ഇക്കാര്യത്തിലും ഒന്നാം സ്ഥാനം നേടാനുള്ള നെട്ടോട്ടത്തിലാണ്‌. ആത്മഹത്യയിലും മറ്റും നാമാണല്ലോ ഒന്നാം സ്ഥാനത്ത്‌

Wednesday, December 24, 2008

ഭ്രൂണഹത്യ വേണ്ട


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ പ്രശസ്‌തമായ ഒരു കുടുംബം. ഒരുകാലത്ത്‌ വളരെ സന്തോഷത്തോടെയും മറ്റുള്ളവര്‍ക്ക്‌ അസൂയ ജനിപ്പിക്കുമാറും കഴിഞ്ഞ മൂന്നംഗ കുടുംബം. അച്ഛന്‍, അമ്മ, മകള്‍. എന്തു സന്തോഷമായിരുന്നു ആ കുടുംബത്തില്‍. സര്‍ക്കാര്‍ ഗുമസ്‌തനായ കുടുംബനാഥന്‍, അധ്യാപികയായ ഭാര്യ, പിന്നെ അനു എന്ന മകള്‍. മികച്ച രീതിയില്‍ വിദ്യാഭ്യാസം ചെയ്‌ത അനു എല്ലാ ക്ലാസിലും ഒന്നാമതായി ജയിച്ചുകയറി. ഉന്നതവിദ്യാഭ്യാസം തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജില്‍. റാങ്കോടെ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷനില്‍ വിജയം. ഒടുവില്‍ കാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ ടെക്‌നോപാര്‍ക്കില്‍ ഒരു അമേരിക്കന്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയില്‍ മികച്ച ശമ്പളത്തോടെ ജോലി.


അനുവിന്റെ വളര്‍ച്ച ആര്‍ക്കും അസൂയജനിപ്പിക്കുമാറായിരുന്നു. കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ മുഴുവന്‍ വഴിപാടുകള്‍ കഴിച്ചു. തങ്ങളുടെ പ്രിയപുത്രിയുടെ നന്മയില്‍ സകല ഈശ്വരന്മാര്‍ക്കും നന്ദിപറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ ജോലിക്കു ചേര്‍ന്ന അനുവിനു രാത്രിഷിഫ്‌റ്റിലും ജോലി ചെയ്യേണ്ടിവന്നു. അതുകൊണ്ട്‌ തിരുവനന്തപുരത്തുതന്നെ കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഫ്‌ളാറ്റെടുത്തു. വീട്ടുകാരില്‍ നിന്നകന്നുനില്‍ക്കുന്നതിന്റെ വിഷമതകള്‍ ആദ്യമൊക്കെ അവളെ അലട്ടിയിരുന്നു. എന്നാല്‍ വളരെ കുറഞ്ഞആഴ്‌ചകള്‍ക്കുള്ളില്‍തന്നെ പുതിയസാഹചര്യത്തോട്‌ അവള്‍ പൊരുത്തപ്പെട്ടു. സുഖമായ താമസം, നല്ല ഭക്ഷണം, എന്തിനും ഏതിനും ആശ്രയിക്കാന്‍പറ്റുന്ന കൂട്ടുകാര്‍. അങ്ങിനെ നഗരജീവിതം സ്വസ്ഥം സുഖപ്രദം. എന്നാല്‍, ഓഫീസിലെ അന്തരീക്ഷം അനുവിന്‌ വേഗത്തില്‍ ഇഴുകിച്ചേരാന്‍ ഉതകുന്നതായിരുന്നില്ല. യാന്ത്രികമായ ജോലി. ഇടയ്‌ക്കുള്ള വിശ്രമവും കുറവ്‌. ടെക്‌നോപാര്‍ക്കില്‍ അനു ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സമയം.


ഈയവസരത്തില്‍ അനുവിന്റെ ജീവിതത്തിലേക്ക്‌ ഒരു പുരുഷന്‍ കടന്നുവന്നു; അരുണ്‍. തുടക്കം സൗഹൃദത്തില്‍നിന്നായിരുന്നു. പിന്നെയതു പ്രണയമായി വളര്‍ന്നു. ആ വളര്‍ച്ച സിനിമാശാലകളിലും ഇന്റര്‍നെറ്റ്‌ കഫേകളിലും ഹോട്ടല്‍മുറികളിലുംവരെയെത്തി. മിക്ക ദിവസങ്ങളിലും അനു ഫ്‌ളാറ്റില്‍ വരാതെയായി. കൂട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞൊഴിഞ്ഞു.ഇതിനിടയില്‍ അനുവിനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അമൃതയെന്ന കൂട്ടുകാരി അനു ഫ്‌ളാറ്റില്‍ വരാതിരിക്കുന്നതിനുള്ള കാര്യകാരണത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ അനു വിശദീകരിക്കാന്‍ തയാറായി. വിവരങ്ങള്‍ വീട്ടിലറിയരുതെന്ന്‌ അമൃതയോട്‌ അനു ശഠിച്ചു.അങ്ങനെ പിന്നെയും കുറച്ചുകാലം.ഒരുദിവസം രാവിലെ ബാത്ത്‌റൂമില്‍ വല്ലാതെ ഛര്‍ദിക്കുന്ന അനുവിനെക്കണ്ട്‌ കൂട്ടുകാരികള്‍ കാര്യം തിരക്കി. എന്നാല്‍, വസ്‌തുതയില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ അനു ശ്രമിച്ചത്‌. ഒരു സുപ്രഭാതത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്‌ കൂട്ടുകാരികളുടെ ചെവിയിലെത്തിയത്‌. ആശുപത്രിയില്‍ അനു മരിച്ചു. വിവരമറിഞ്ഞെത്തിയ അനുവിന്റെ അച്ഛനും അമ്മയും തിരുവനന്തപുരത്തെ ഒരു അനധികൃത ക്ലിനിക്കിലെ ഓപ്പറേഷന്‍തിയേറ്ററിലെത്തി. മരവിച്ച്‌ ചലനമറ്റു കിടക്കുന്ന തങ്ങളുടെ പൊന്നോമനപുത്രിയുടെ ശരീരത്തില്‍ അവസാന ചുംബനം അര്‍പ്പിക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല; പ്രിയ മകള്‍ എങ്ങനെയാണു മരിച്ചതെന്ന്‌.ഒടുവിലവരറിഞ്ഞു, മൂന്നു മാസം ഗര്‍ഭിണിയായിരുന്ന അനു ഗര്‍ഭച്ഛിദ്രത്തിനു വിധേയയായപ്പോഴുണ്ടായ അമിത രക്തസ്രാവമാണ്‌ മരണകാരണമെന്ന്‌. `കാമുകനായ അരുണ്‍ അവളെ ചതിച്ചതായിരുന്നു.'' കൂട്ടുകാരിയായ അമൃത ആദമ്പതികളോടു പറഞ്ഞു.


എന്നാല്‍ അരുണ്‍ ആരെന്നോ എവിടെയാണു വീടെന്നോ ഒന്നും ആര്‍ക്കും അറിയുമായിരുന്നില്ല.സംഭവം നടന്നിട്ട്‌ ഇപ്പോള്‍ മൂന്നു മാസമായി. കുടുംബത്തിന്റെ ഐശ്വര്യമായിരുന്ന മകള്‍ ഈ ലോകത്തുനിന്നു മറഞ്ഞതിന്റെ ആഘാതത്തില്‍ മാനസികനില തെറ്റിയ മാതാവ്‌ സാവിത്രി ഉമ്മറപ്പടിയുടെ കോണില്‍ പ്രജ്ഞയറ്റിരിക്കുമ്പോള്‍ ഇന്നത്തെ സാമൂഹിക വിപത്തിന്റെ ദൈന്യമുഖം നമുക്കു കാണാന്‍ സാധിക്കുന്നു. അനുവിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. സമൂഹത്തില്‍ നിലയും വിലയുമുള്ള മാതാപിതാക്കളുടെയും തന്റെയും അഭിമാനം സംരക്ഷിക്കാന്‍ ഗര്‍ഭഛിദ്രം നടത്തുന്ന അറിഞ്ഞതും അറിയാത്തവരുമായ നിരവധിപേര്‍ നമ്മുക്കു ചുറ്റുമുണ്ട്‌. എത്രയോ കുരുന്നുജീവനുകളാണ്‌ വിവിധകാരണങ്ങളുടെപേരില്‍ അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്‌. ജന്മസൗഖ്യമനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവരുടെ എണ്ണം ലോകമെമ്പാടും ദിനംതോറും കൂടിക്കൂടിവരികയാണ്‌. ലോകത്തെമ്പാടുമായി ഒരുവര്‍ഷം ഏകദേശം 21കോടി സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതായാണ്‌ കണക്ക്‌. എന്നാല്‍ ഇതില്‍ 7കോടി 5ലക്ഷം സ്‌ത്രീകളും കുട്ടികളെ വേണ്ടാത്തവരാണ്‌ അല്ലെങ്കില്‍ ആഗ്രഹിക്കാതെ ഗര്‍ഭംധരിക്കുന്നവരാണ്‌.


സമൂഹത്തിലെ മാന്യതയും അല്ലെങ്കില്‍ മറ്റ്‌ സാമൂഹികപരിഗണനകളും ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത്‌ ഗര്‍ഭഛിദ്രത്തിലേക്കാണ്‌. 4 മുതല്‍ 5 കോടിവരെ സ്‌ത്രീകള്‍ ഓരോവര്‍ഷവും ഗര്‍ഭഛിദ്രം നടത്തുന്നവരാണെന്നാണ്‌ കണക്ക്‌. ഔദ്യോഗിക കണക്കാണിതെങ്കില്‍ യഥാര്‍ത്ഥ വസ്‌തുത ഇതിലും എത്രയോ ഭീകരമാണ്‌. ഒരു അമേരിക്കന്‍ സമൂഹ്യസംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ ഒരുവര്‍ഷം ഏകദേശം എട്ടുകോടി ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. വികസിതരാജ്യങ്ങളെ അപേക്ഷിച്ച്‌ വികസ്വരരാജ്യങ്ങളിലാണ്‌ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്നത്‌. ലോകത്താകെ നടക്കുന്ന ഗര്‍ഭഛിദ്രങ്ങളില്‍ 70ശതമാനവും നടക്കുന്നത്‌ ഇന്ത്യപോലുള്ള വികസ്വരരാഷ്‌ട്രങ്ങളിലാണ്‌. സുരക്ഷിതമല്ലാത്ത രീതികള്‍ അവലംബിക്കുന്നതുമൂലം നിരവധി സ്‌ത്രീകള്‍ക്കു മരണവും സംഭവിക്കുന്നു. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും വികസ്വരരാഷ്‌ട്രങ്ങള്‍ തന്നെ. എട്ടു ലക്ഷം പേര്‍ ഗര്‍ഭഛിദ്രത്തിനു വിധേയരാകുന്നതിനിടയില്‍ മരണപ്പെടുന്നതായാണ്‌ കണക്ക്‌. ഇന്ത്യന്‍ സാഹചര്യത്തിലേക്കു മടങ്ങിവന്നാല്‍ മനസിനെ മരവിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അഹിംസ ആത്മാവില്‍ ലയിപ്പിക്കാന്‍ ആഹ്വാനം ചെയ്‌ത മഹാത്മാവ്‌ ജന്മം കൊണ്ടമണ്ണില്‍ ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. കുറച്ചുദിവസം മുന്‍പ്‌ രാജ്യം നടുങ്ങിയ ഒരു ഗര്‍ഭഛിദ്രകഥ വെളിയില്‍വന്നു. ഒറീസയിലെ നയാഗറാണ്‌ സ്ഥലം. നയാഗര്‍ ജില്ലയിലെ നബഘന്‍പുര്‍ ഗ്രാമത്തില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നും 30 പെണ്‍ ഭ്രൂണങ്ങളാണ്‌ കണ്ടെത്തിയത്‌. തലയോട്ടികളും എല്ലുകളും മറ്റ്‌ ആശുപത്രി അവശിഷ്‌ടങ്ങളും അടക്കം ചെയ്‌ത 132 പോളിത്തീന്‍ ബാഗുകളാണ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ പുറത്തെടുത്തത്‌. പിറവിപ്രതീക്ഷിച്ച കുരുന്നു ജീവനുകള്‍ ബാഗുകളില്‍ എന്നന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന കാഴ്‌ച സാധാരണമനുഷ്യന്‌ ഹൃദയഭേദകമായിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈപ്രദേശത്ത്‌ കാണപ്പെട്ട ഭ്രൂണങ്ങളുടെ എണ്ണം ഇരുനൂറിലേറെയാണ്‌. അതിലേറെയും പെണ്‍കുഞ്ഞുങ്ങള്‍. ആറു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങളാണ്‌ ഇവിടെ നിന്നും കിട്ടിയത്‌. ഇവയില്‍ പല കുഞ്ഞുങ്ങളുടെയും തലയില്‍ മുടി വരെ വന്നിരുന്നു. നിരവധി തവണ ഇവിടെ പെണ്‍ഭ്രൂണങ്ങള്‍ കണ്ടിരുന്നതായി ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒറീസയില്‍ മാത്രമല്ല, രാജ്യത്തെ പലസംസ്ഥാനങ്ങളിലും ഭ്രൂണഹത്യ വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1995മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2005 എത്തിയപ്പോള്‍ ഭ്രൂണഹത്യയുടെ നിരക്കില്‍ നൂറുശതമാനം വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. 1995-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ഒന്നേകാല്‍ ലക്ഷം ഭ്രൂണഹത്യകള്‍ ഉണ്ടാകുന്നുണ്ട്‌.എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ അഞ്ചുകോടി ഭ്രൂണങ്ങള്‍ നശിപ്പിക്കപ്പെടുന്നതായി വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭ്രൂണഹത്യ വളരെയധികം വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനുള്ള വിഷമതകള്‍ മാതാപിതാക്കളെ ആകുലപ്പെടുത്തുമ്പോള്‍ പെണ്‍ഭ്രൂണങ്ങള്‍ കൂടുതലായി നശിപ്പിക്കുന്നു. കേരളത്തില്‍ അത്തരത്തിലുള്ള സാമൂഹിക അവസ്ഥകളല്ല ഭ്രൂണഹത്യത്തിക്കുകാരണം. തുടരും

Tuesday, December 23, 2008

തേളും പഴുതാരയും പിന്നെ ഞങ്ങളും


ലോകത്ത്‌ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉള്ളവരായി ജനിക്കണം എന്നു പറയുന്നത്‌ ശരിയാണ്‌. അതുപോലെ തന്നെയാണ്‌ ജനിച്ചതിനു ശേഷം എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടായിരിക്കുകയെന്നത്‌. ഇതാ രണ്ടാമതു പറഞ്ഞവര്‍ഗത്തില്‍പ്പെട്ട രണ്ടു പേര്‍. ഇവര്‍ ലോകത്തെ കഴിഞ്ഞ കുറെക്കാലമായി വിസ്‌മയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നാമൊക്കെ വളരെ പേടിയോടെ കാണുന്ന ജീവികളാണല്ലോ പഴുതാരയും തേളുമൊക്കെ. എന്നാല്‍ ഇവരെ സംബന്ധിച്ച്‌ ഈ ജന്തുക്കള്‍ ഇവരുടെ സഹവാസികളാണ്‌.

തായ്‌ലന്റിലുള്ള തേളു കളെ സ്‌നേഹിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന കാഞ്ചന കെറ്റ്‌ക്യൂവിന്റെയും പഴുതാരകളോടൊപ്പം ജീവിക്കുന്ന ബുന്താവീ സീങ്‌ വോംങ്ങിന്റെയും കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. 2002-ലാണ്‌ ഇവര്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്‌. ഗ്ലാസുകൊണ്ടുണ്ടാക്കിയ കൂടിനകത്ത്‌ 3400 തേളുകളോടൊപ്പം 32 ദിവസം കഴിഞ്ഞു കഥാനായികയായ കാഞ്ചന. നായകനാവട്ടെ 28 ദിവസമാണ്‌ 1000 പഴുതാരകളോടൊപ്പം ഒരു കൂട്ടില്‍ കിടന്നത്‌. അന്നിവരുടെ നേട്ടം ഗിന്നസ്‌ ബുക്കില്‍ ചേര്‍ത്തിരുന്നു. 2004-ല്‍ ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെട്ടു. അപ്പോള്‍ ഇവര്‍ ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ടു പിടിച്ച മാര്‍ഗം വളരെ വ്യത്യസ്‌തമായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കുവാനങ്ങു തീരുമാനിച്ചു. അതിലൂടെ മറ്റൊരു ഗിന്നസ്‌ റെക്കോര്‍ഡു കൂടി. ഇവര്‍ വിവാഹം കഴിക്കുന്നതിനു തെരഞ്ഞെടുത്ത ദിവസമോ സാക്ഷാല്‍ വാലന്റൈന്‍സ്‌ ഡേ. വിവാഹത്തിന്‌ കാഞ്ചനയുടെ ആഭരണം എന്നു പറയുന്നത്‌ തേളുകളായിരുന്നു. ഇട്ടിരുക്കുന്ന വസ്‌ത്രത്തിനു മുകളില്‍ ഇരിക്കുന്ന തേളുകളെ കണ്ടാല്‍ ആഭരണങ്ങളാണെന്നെ കാഴ്‌ചക്കാര്‍ക്കു തോന്നുകയുള്ളൂ. വരനായ ബുന്താവി വിവാഹസമയത്ത്‌ പഴുതാരയുടെ പകുതി ഭാഗം കാണത്തക്ക വിധത്തില്‍ തന്റെ വായ്‌ക്കകത്താക്കി.

വളരെ അപൂര്‍വതകള്‍ നിറഞ്ഞ ഈ വിവാഹ മാമാങ്കം നടന്നത്‌ തായ്‌ലന്റിലെ കോസമമുയി ദ്വീപിലുള്ള ഒരു റിസോര്‍ട്ടിലായിരുന്നു. കാഴ്‌ചക്കാരായി ഗിന്നസ്‌ ബുക്കിന്റെ ചുമതലപ്പെട്ടവരും നിരവധി നാട്ടുകാരും. കാഴ്‌ചക്കാര്‍ക്ക്‌ ഈ വലിവാഹം അപൂര്‍വമായ അനുഭവമാണ്‌ സമ്മാനിച്ചത്‌. കാഞ്ചനയുടെ വസ്‌ത്രത്തില്‍ പഴുതാരകളെ അലങ്കരിക്കുന്നതിന്‌ ആറു പേരെയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. വിവാഹത്തിനു ശേഷം ഇവരെ വളഞ്ഞ പത്രപ്രവര്‍ത്തകരോട്‌ ഇരുവരും മനസ്സു തുറന്നു. തങ്ങള്‍ ആദ്യമായി കാണുന്നത്‌ ഗിന്നസ്‌ റെക്കോര്‍ഡിടുവാന്‍ ആദ്യം വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ വച്ചായിരുന്നു. 2002-ലായിരുന്നു ഇത്‌. കാഞ്ചനയുടെ പ്രകടനം തന്നെ വിസ്‌മയിപ്പിച്ചുവെന്ന്‌ ബുന്താവി പറയുന്നു. അപ്പോള്‍ തന്നെ ഞാന്‍ കാഞ്ചനയോട്‌ ആ വിവരം പറഞ്ഞു. രണ്ടാമതായിരുന്നു തന്റെ ഊഴം. 28 ദിവസവും എന്റെ പ്രകടനം കാണാന്‍ കാഞ്ചനയുണ്ടായിരുന്നു. അതിനു ശേഷം കാഞ്ചന എന്നെ വന്നഭിനന്ദിച്ചു.

പിന്നീട്‌ ഞങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നു. എന്നാല്‍ മനസ്സിലുണ്ടായിരുന്ന ഇംഗിതം താന്‍ കാഞ്ചനയെ അറിയിച്ചില്ല. കഴിഞ്ഞ വാലന്റൈന്‍സ്‌ ഡേയിലാണ്‌ താന്‍ കാഞ്ചനയോടുള്ള ഇഷ്‌ടം അവളുമായി പങ്കു വച്ചത്‌. അവള്‍ക്കും അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീടുള്ള ഞങ്ങളുടെ പ്രകടനങ്ങള്‍ ഒരുമിച്ചായി. വിവാഹം കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ ഈ വാലന്റൈന്‍ ദിനത്തിന്‌ ഒരാഴ്‌ച മുന്‍പുമാത്രമെന്ന്‌ ബുന്താവി വെളിപ്പെടുത്തുന്നു. കാഞ്ചനയുടെ അഭിപ്രായത്തില്‍ ബുന്താവിയെ വിവാഹം കഴിക്കാന്‍ സാധിച്ച താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണെന്നു പറയുന്നു. ഞങ്ങള്‍ മരിക്കുന്നതുവരെ ഒരുമിച്ചുണ്ടാകുമെന്ന്‌ ഇരുവരും പ്രതിജ്ഞ ചെയ്യുന്നു. ഒപ്പം തങ്ങളുടെ സഹവാസികളായ പഴുതാരകളും തേളും.

നിങ്ങള്‍ ഒരുമിച്ചുറങ്ങുമ്പോള്‍ ഇതൊരു പ്രശ്‌നമാവില്ലെ എന്ന ചോദ്യത്തിന്‌ ഇരുവരും പറഞ്ഞ ഉത്തരം വിചിത്രമായിരുന്നു. ഞങ്ങളുടെ ഇനിയുള്ള ശ്രമം പഴുതാരയെയും തേളിനെയും തമ്മില്‍ എങ്ങിനെ പ്രേമിപ്പിക്കാം എന്നതായിരിക്കുമെന്നു പറയുന്നു. ഇവരുടെ താലിച്ചരടില്‍ പഴുതാരയുംതേളുമുണ്ടായിരുന്നു. ലോകത്തില്‍ തങ്ങള്‍ മാതൃകാ ദമ്പതിമാരായിരിക്കുമെന്ന്‌ വിവാഹവേളയില്‍ ഇരുവരും ഉറപ്പുതരുന്നു. ഇത്തരം ജീവികളോടൊപ്പം ഒരുമിച്ചു ജീവിക്കുകയെന്നത്‌ ഞങ്ങളെ സംബന്ധിച്ച്‌ വളരെ വെല്ലുവിളി നിറഞ്ഞതാണെന്നറിയാം.

എന്നാലും തങ്ങള്‍ മരണം വരെ ഒരുമിച്ചുണ്ടാകും. ഇരുവരുടെയും വാക്കുകളില്‍ ആത്മവിശ്വാസം സ്‌ഫുരിക്കുന്നു. ഈ ലോകം എന്നും വ്യത്യസ്‌തതകള്‍ നിറഞ്ഞവരകുടേതാകണം എന്നാണ്‌ തങ്ങളുടെ ആഗ്രഹം. ഇങ്ങനെയൊക്കെ ഇരുവരും പറയുമ്പോള്‍ ലോകം ഇവരുടെ മുന്നില്‍ അത്ഭുതത്തോടെ ശിരസു നമിക്കുന്നു.