Thursday, January 15, 2009

was sachin not greatest ? !


നൂറ്റാണ്ടിന്റെ വിഡ്‌ഢിത്തം


പത്തൊമ്പതുവര്‍ഷമായി കളിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു പ്രത്യേക കാലയളവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവച്ചിട്ടില്ല. അതാണ്‌ ലോകത്തിലെ എക്കാലത്തെയും മികച്ച 20 ടെസ്റ്റ്‌ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‌ ഇടം നേടാന്‍ സാധിക്കാത്തതിന്‌ ഐ സി സി നല്‍കുന്ന ന്യായീകരണം. ഇന്ത്യയോടും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളോടും ഐ സിസി പുലര്‍ത്തുന്ന മനോഭാവത്തിന്റെ അവസാനത്തെ ഉദാഹരണമായി ഐ സി സിയുടെ ഈ തീരുമാനം. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാനായ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍ തന്റെ പ്രതിരൂപമായി വാഴ്‌ത്തിയ സച്ചിനെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്‌ വെള്ളക്കാരന്റെ അസഹിഷ്‌ണുതയാണ്‌ വെളിപ്പെടുത്തുന്നത്‌. അവരുടെ ധാര്‍ഷ്‌ട്യത്തിന്‌ ഒരിക്കല്‍കൂടി ഒരു ഇന്ത്യക്കാരന്‍ ഇരയാവുകയാണ്‌. ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച ടെസ്റ്റ്‌ താരങ്ങളെ സംഭാവന നല്‍കിയിട്ടുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന്‌ 20 പേരുടെ പട്ടികയില്‍ ഇടം നേടിയത്‌ കുമാര സംഗക്കാര, മുഹമ്മദ്‌ യൂസഫ്‌, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ മാത്രമാണ്‌. ഗാവസ്‌കറുടെസ്ഥാനമാവട്ടെ ഇരുപതാമതും. സച്ചിന്റെ സ്ഥാനം 26-ാമതാണ്‌.


മാത്യു ഹെയ്‌ഡനും ജാക്ക്‌ കാലിസും സംഗക്കാരയും മൈക്ക്‌ ഹസിയുമൊക്കെ സച്ചിന്റെ മുന്നിലാണ്‌! ലോകംകണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്‌മാന്‍ എന്നു വിലയിരുത്തപ്പെടുന്ന സച്ചിനെ ഐ സി സി പെടുത്തിയിരിക്കുന്നതാവട്ടെ 12-ാമതും. എന്തുമാനദണ്‌ഡത്തിന്റെ അടിസ്ഥാനത്തിലാണ്‌ സച്ചിനെ പട്ടികയില്‍നിന്നു പിന്തള്ളിയത്‌ എന്ന ചോദ്യത്തിന്‌ ഐ സി സി നിരത്തുന്ന മുടന്തന്‍ ന്യായങ്ങള്‍ ഒരിക്കലും സച്ചിന്റെ പ്രതിഭയെ തളര്‍ത്തുകയോ കോടിക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ അടിത്തറയിളക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌ ഐ സി സി സ്വയം അപഹാസ്യമാവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.

ഐ സിസി ഈ പമ്പര വിഡ്‌ഢിത്തം കാണിച്ചിരിക്കുന്നത്‌ അവരുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ്‌ എന്നു കൂടി പറയുമ്പോള്‍ അതിന്റെ വ്യാപ്‌തി എത്രത്തോളമെന്നുമനസിലാകും. അതുകൊണ്ടുതന്നെ നൂറ്റാണ്ടിന്റെ വിഡ്‌ഢിത്തമായി ഇതിനെ ക്രിക്കറ്റ്‌ പ്രേമികള്‍ വിലയിരുത്തും. അന്താരാഷ്‌ട്രക്രിക്കറ്റ്‌ കൗണ്‍സില്‍ എന്നാണ്‌ ഐ സി സിയുടെ ചുരുക്കപ്പേര്‌ ഇനിമുതല്‍ അതിനെ ഇന്റര്‍ നാഷണല്‍ കൊമേഡിയന്‍സ്‌ ക്ലബ്‌ എന്നുമാറ്റിവിളിക്കേണ്ടിവരും.

ക്രിക്കറ്റുമായി പുലബന്ധമില്ലാത്തവരും കളിച്ചിട്ടില്ലാത്തവരുമാണല്ലോ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുനനത്‌. അതുമല്ല, കുറച്ച്‌ കമ്പ്യൂട്ടര്‍ വിദദ്ധര്‍ കൂടിയിരുന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നു. 2002-ല്‍ ക്രിക്കറ്റ്‌ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്‌ഡന്‍ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാനായി സച്ചിനെ തെരഞ്ഞെടുത്തിരുന്നു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനായിരുന്നു ഒന്നാമത്‌. ബ്രാഡ്‌മാന്‍ തയാറാക്കിയ 11 പേരുടെ ടീം ലിസ്റ്റിലും സച്ചിന്‍ പേരുകാരനായിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്‌. ലോകോത്തരതാരങ്ങളായ ഷെയ്‌ന്‍ വോണ്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്‌, ഗാരി സോബേഴ്‌സ്‌, റിക്കി പോണ്ടിംഗ്‌, ബ്രയാന്‍ ലാറ, വസിം അക്രം, ജെഫ്‌റി ബോയ്‌കോട്ട്‌ എന്നിവരെല്ലാം ഒരേ സ്വരത്തില്‍പറയുന്നു സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ സച്ചിനാണെന്ന്‌. ക്രിക്കറ്റിന്റെ ഏകദിന, ടെസ്റ്റ്‌ രൂപങ്ങളില്‍ ഒരുപോലെ തിളങ്ങിയ മറ്റൊരു താരത്തെ കരിയര്‍ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാനാവില്ല. 19 വര്‍ഷമായി അന്താരാഷ്‌ട്രക്രിക്കറ്റില്‍ മികവു തെളിയിക്കുന്ന ഈ താരം ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ നിരൂപകരുടേയും ആസ്വാദകരുടെയും വിലയേറിയ ഉത്‌പന്നമാണ്‌. അദ്ദേഹത്തിന്റെ കേളീ ശൈലിയും സാങ്കേതികതയും ഇഴകീറി പരിശോധിക്കുന്നവര്‍ക്ക്‌ പോലും പിഴവുകള്‍ കണ്ടെത്താനാവില്ലെന്ന വിവരം സമ്മതിക്കുന്നു. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞമാസം സച്ചിന്റെ ബാറ്റിംഗ്‌ മികവില്‍ ഇന്ത്യയില്‍വച്ചു നേടിയ ടെസ്റ്റ്‌ പരമ്പരയ്‌ക്കു ശേഷം ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ സച്ചിനെ വാഴ്‌ത്തിയത്‌ യഥാര്‍ഥ ജീനിയസ്‌ എന്നായിരുന്നു.

പന്തയ വിവാദം ലോക ക്രിക്കറ്റിനെ ആകെ പിടിച്ചു കുലുക്കിയപ്പോള്‍ ലോകക്രിക്കറ്റില്‍ അക്കാലത്ത്‌ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരായി വിലസിയിരുന്ന മിക്കവരും ഇളിഭ്യരായി തലകുമ്പിട്ടപ്പോഴും തല ഉയര്‍ത്തിനിന്ന ഒരേ ഒരു താരം സച്ചിനായിരുന്നു. ഈ നേട്ടങ്ങളൊന്നും ഐ സി സി പരിഗണിച്ചില്ലെന്നു മാത്രമല്ല, ലാറയും സച്ചിനുമടക്കമുള്ളവരെ ബഹുമാനിക്കുകപോലും ചെയ്‌തില്ല എന്നതാണ്‌ സത്യം. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറിയും റണ്‍സും നേടിയ സച്ചിന്‍ എന്തുകൊണ്ട്‌ ലോകത്തിലെ മികച്ച ക്രിക്കറ്റ്‌ താരങ്ങളില്‍ ഇടം നേടാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഉത്തരം പരിശോധിച്ചാല്‍ ഒന്നു മനസിലാകും. ഇന്ത്യന്‍ ക്രിക്കറ്റിനോടും സച്ചിനോടും ഐ സി സി പുലര്‍ത്തിയിരുന്ന സമീപനം എന്നും നിഷേധാത്മകമായിരുന്നു എന്ന്‌. ക്രീസിലും പുറത്തും തികഞ്ഞ മാന്യത പുലര്‍ത്തുന്ന അദ്ദേഹത്തിനെതിരേ പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണവുമായായിരുന്നു ആദ്യം ഐ സി സി രംഗത്തെത്തിയത്‌. എന്നാല്‍, ആരോപണം അബദ്ധമായി എന്നവിലയിരുത്തലില്‍ അവര്‍ ഇളിഭ്യരാവുകയാണുണ്ടായത്‌. പിന്നീട്‌ ലോക ഒന്നാം നമ്പര്‍ ആകാന്‍ പ്രകടനമികവില്‍ പലപ്പോഴും സച്ചിന്‌ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, നിരവധി തവണ ഐ സി സിയുടെ ഏകദിന, ടെസ്റ്റ്‌ ക്രിക്കറ്റ്‌ റേറ്റിംഗില്‍ സച്ചിനെ പുറന്തള്ളി.

ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റ്‌ ചരിത്രത്തിലെതന്നെ മികച്ച ഇന്നിംഗ്‌സില്‍ ഒന്നിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ച ചെന്നൈ ടെസ്റ്റിനു ശേഷവും സച്ചിന്റെ റേറ്റിംഗിന്‌ കാര്യമായ പുരോഗമനം ഉണ്ടായില്ല. പലപ്പോഴും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വെള്ളക്കാരനായ താരത്തിന്‌ ശിക്ഷയില്‍ ഇളവുലഭിച്ചിരുന്നു. എന്നാല്‍ ഉപഭൂഖണ്‌ഡത്തിലെ താരങ്ങള്‍ പലവട്ടം ചെറിയ കുറ്റങ്ങള്‍ക്കു പോലും വന്‍ പിഴവുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു . ക്രിക്കറ്റ്‌ പഠിക്കുന്നവര്‍ക്ക്‌ സച്ചിന്‍ യൂണിവേഴ്‌സിറ്റിയാണ്‌, നിരൂപകര്‍ക്ക്‌ റഫറന്‍സ്‌, കാഴ്‌ചക്കാര്‍ക്ക്‌ ആവേശം, ആരാധകര്‍ക്ക്‌ ദൈവം. അതാണ്‌ സച്ചിന്‍. ഒരു ഐ സിസിയുടെയും മാര്‍ക്ക്‌ വേണ്ട, സച്ചിന്റെ മികവ്‌ തിട്ടപ്പെടുത്താന്‍. ഇത്രയും കാലം ലോകക്രിക്കറ്റിന്‌ അദ്ദേഹം സംഭാവന മാത്രം മതി ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ സച്ചിന്‍ ലോകക്രിക്കറ്റില്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാന്‍.


വീ ഓള്‍ വിത്ത്‌ യു.. സച്ചിന്‍, യു ആര്‍ ദി ഗ്രേറ്റസ്റ്റ്‌ എവര്‍. ലോകത്തിലെ മികച്ച ടെസ്റ്റ്‌ ബാറ്റ്‌സാമാന്‍മാരുടെ പട്ടികയില്‍ സച്ചിനില്ല എന്നവാര്‍ത്ത പുറത്തുവന്ന ഉടനെ ചെന്നൈയിലെ തെരുവില്‍ ഉയര്‍ന്ന ബാനറിലെ വാചകമാണിത്‌. ഇതുതന്നെയാണ്‌ ഓരോ ഇന്ത്യക്കാരന്റെയും അഭിപ്രായം. സച്ചിന്‍, യു ആര്‍ ദി ഗ്രേറ്റസ്റ്റ്‌.

2 comments:

ശ്രീ April 20, 2009 at 12:19 AM  

"ക്രിക്കറ്റ്‌ പഠിക്കുന്നവര്‍ക്ക്‌ സച്ചിന്‍ യൂണിവേഴ്‌സിറ്റിയാണ്‌, നിരൂപകര്‍ക്ക്‌ റഫറന്‍സ്‌, കാഴ്‌ചക്കാര്‍ക്ക്‌ ആവേശം, ആരാധകര്‍ക്ക്‌ ദൈവം. അതാണ്‌ സച്ചിന്‍. ഒരു ഐ സിസിയുടെയും മാര്‍ക്ക്‌ വേണ്ട, സച്ചിന്റെ മികവ്‌ തിട്ടപ്പെടുത്താന്‍. ഇത്രയും കാലം ലോകക്രിക്കറ്റിന്‌ അദ്ദേഹം സംഭാവന മാത്രം മതി ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ സച്ചിന്‍ ലോകക്രിക്കറ്റില്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാന്‍"

അതു തന്നെ :)

Esahaque Eswaramangalam October 28, 2009 at 5:38 AM  

രാജേഷ്‌, ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു നന്ദി... കായിക ലോകം, പ്രത്യാഗിച്ചു ക്രിക്കറ്റ് ഒരു ബന്തവുമില്ലത്ത ലോകമാണ്. സത്യത്തില്‍ അത് എന്നില്‍ നിന്ന് വളരെ അകലെയാണ്.. പക്ഷെ നിങ്ങളെ പോലുള്ളവര്‍ ബ്ലോഗ്‌ ലോകത്ത് വരുന്നത് നല്ല ലക്ഷണമാണ്. ചില കുറവുകള്‍ ചൂണ്ടി കാണിക്കട്ടെ, നല്ല മനസ്സോടെ അതിനെ സമീപിക്കും എന്ന വിശ്വാസത്തില്‍.. ഈ ബ്ലോഗ്‌ കാണുക (http://namonnu.blogspot.com/), ഇതിനേക്കാള്‍ നന്നായി നിങ്ങള്ക്ക് ചെയ്യാന്‍ കഴിയും, അത് ചെയ്തു നല്‍കിയത് അറിയാവുന്ന ഒരു കൂട്ടുകാരന്‍ ആണ്, അദ്ധേഹത്തിന്റെ നമ്പര്‍ ഇതോടൊപ്പം വെക്കുന്നു. രാജേഷിനെ കുറിച്ച് എന്നാല്‍ കഴിയുന്ന സൂചന നല്‍കാം.താങ്കള്‍ വിളിച്ചോളു‌.. നന്നായി ചെയ്‌താല്‍ ഭാവിയിലേക്ക് നല്ല പരസ്യം കിട്ടും.. ഷാജി മുള്ളൂക്കാരന്‍ ‍: 09946666267 -09895319021, നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.